Headlines

അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ

കോട്ടയം: അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ജയില്‍ ശിക്ഷ. നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെവി രജനീഷാണ് വിധി പറഞ്ഞത്.

കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര ദശാബ്ദത്തില്‍ അധികമായി നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആണ് തച്ചങ്കരി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തി. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.96 സാക്ഷികളെയും 271 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുടുംബസ്വത്താണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തു. 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ബോബി കുരുവിള പറഞ്ഞു. ഇതു സംബന്ധിച്ച പരാതി നല്‍കാനാണ് തീരുമാനം.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടു. ഹൃദ്‌രോഗമുള്ള ആളാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പറഞ്ഞു. 1987 ബാച്ച് ഐപിഎസ് ഓഫീസറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.