Headlines

പ്രഖ്യാപിത വൈദ്യുതിനിയന്ത്രണം ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രം

തിരുവനന്തപുരം ∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രിയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതു കേരളത്തിൽ മാത്രം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും കഴിഞ്ഞ 15 ദിവസത്തിനിടെ 14 ദിവസവും വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ്. 13ന് മാത്രമാണ് കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്.

തമിഴ്നാട്ടിൽ രണ്ടു ദിവസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കാറ്റിൽനിന്നു വൈദ്യുതി ലഭിക്കുന്നതു കുറഞ്ഞതിനാൽ 9നു 912 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. തുടർന്നു തമിഴ്നാട് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അവരുടെ ആകെ ആവശ്യകത 21000 മെഗാവാട്ട് ആയിരുന്നു; കേരളത്തിലേതിന്റെ നാലിരട്ടി.

പുതുച്ചേരി ഒഴികെ എല്ലായിടത്തും കേരളത്തിൽ വേണ്ടിവരുന്നതിന്റെ മൂന്നിരട്ടിയിലധികമാണു സാധാരണ പ്രവൃത്തിദിനങ്ങളിൽ പീക്ക് സമയത്തെ ഉയർന്ന വൈദ്യുതി ആവശ്യകത.

ഈ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉൽപാദനം കൂടുതലാണെന്നതിനു പുറമേ, വിവിധ കരാറുകളിലൂടെയും തത്സമയ വിപണിയിൽ ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങിയാണു നിയന്ത്രണം ഒഴിവാക്കുന്നത്. കേരളത്തിൽ ആഭ്യന്തര ഉൽപാദനം ആകെ ആവശ്യകതയുടെ മൂന്നിലൊന്നിൽ താഴെയാണ്.
ഈമാസം 7 ന് 840 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. 8 ന് 810 മെഗാവാട്ട്. 14 ദിവസത്തിനിടെ ശരാശരി 407 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടായി.