കോഴിക്കോട്: പാർട്ടിക്കെതിരായി വരുന്ന കടന്നാക്രമണങ്ങളെ എതിർത്തു തോൽപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മൂന്ന് മാസം കൂടുമ്പോൾ സംഘടന തലത്തിൽ പരിശോധന നടത്തും. സംസ്ഥാന സമിതി 6 മാസം കൂടുമ്പോൾ പരിശോധന നടത്തും. ജില്ല തല വിശാല സമിതികൾ ചേരും. ഒക്ടോബർ 14 നകം പൂർത്തിയാക്കും. ഏരിയ സെക്രട്ടറിക്ക് പുറമേ മൂന്ന് പേരെ കൂടി ജില്ലാ യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വിപുലീകൃത സംസ്ഥാന സമിതിയിലെ ശാസന എംവി ഗോവിന്ദൻ തള്ളിയില്ല. എല്ലാവരുടെയും വീഴ്ചകൾ ചർച്ച ചെയ്തെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇ ഡിക്ക് എതിരായ പ്രമേയം പാസാക്കിയെന്ന് അദേഹം അറിയിച്ചു. വർഗീയതക്കെതിരായ പോരാട്ടം, ഇഡിയുടെ കടന്നാക്രമണത്തിനെതിരായ പ്രതിരോധം, സംസ്ഥാന സർക്കാരിന്റെ തെറ്റായ പ്രവർത്തനത്തിനെതിരെയുള്ള സമരം, കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരായ സമരം എന്നിവയാണ് കർമ പദ്ധതികളെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. മൂന്ന് പ്രമേയങ്ങൾ വിപുലീകൃത സംസ്ഥാന സമിതി അംഗീകരിച്ചതായി അദേഹം പറഞ്ഞു.
മാറേണ്ടവർ ആരൊക്കെയാണെന്നതിൽ അതൊക്കെ മാറിക്കോളാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താൻ ഉൾപ്പെടെ എല്ലാവരും ആ മാറ്റത്തിന് വിധേയമാകുമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാർട്ടി തിരുത്തുമെന്നും ശക്തിയായി മുന്നോട്ടു പോകുമെന്നും അദേഹം പറഞ്ഞു. തിരുത്തലുകൾ ഒരുദിവസം കൊണ്ട് തീരുന്നതല്ല. തിരുത്തൽ പ്രക്രിയയിലാണ് പാർട്ടിയുള്ളത്. ശരിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഐഎം സംഘടനാതലത്തിൽ വൻ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ്, ഡോക്ടർ ജോൺ ബ്രിട്ടാസ് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോക്ടർ ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ എന്നിവരെ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കി. ഒമ്പത് വനിത-യുവജന നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കി. ടി പി രാമകൃഷ്ണന് പകരം പി രാജീവ് എൽഡിഎഫ് കൺവീനറായേക്കും.









