വഴിയടച്ച് പാക്കിസ്ഥാൻ; ഇന്ത്യ-അഫ്ഗാൻ വ്യാപാരം ഇപ്പോൾ 3 രാജ്യങ്ങളിലൂടെ, കപ്പലുണ്ട്, ട്രെയിനുകളും, വിമാനവും വരും

പാക്കിസ്ഥാൻ അതിർത്തി അടച്ചതോടെ ഇന്ത്യയും അഫ്ഗാനും തമ്മിലെ വ്യാപാര ഇടപാടുകൾ നടക്കുന്നത് ഇപ്പോൾ പ്രധാനമായും മൂന്നു രാജ്യങ്ങൾ വഴി. നേരത്തേ പാക്കിസ്ഥാനിലൂടെ കടന്ന് വാഗ-അട്ടാരി അതിർത്തി വഴി ട്രക്കുകളിലാണ് ഇന്ത്യ-അഫ്ഗാൻ വ്യാപാരം നടന്നിരുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം പൂർണമായും അവസാനിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായി. അതോടെ, പാക്ക്-അഫ്ഗാൻ അതിർത്തിയും അടഞ്ഞു. ആ സാഹചര്യത്തിലും ഇന്ത്യയിലേക്ക് വ്യോമമാർഗം ഉൽപന്നങ്ങൾ എത്തിക്കാൻ അഫ്ഗാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് വ്യോമഗതാഗതം താളംതെറ്റുകയും എണ്ണവില വർധനയെത്തുടർന്ന് വ്യോമയാന ഫീസ് നിരക്കുകൾ കുത്തനെ കൂടിയതും അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. അതോടെയാണ് ഇപ്പോൾ ബദൽ മാർഗങ്ങൾ കണ്ടെത്തിയത്.
അഫ്ഗാനിൽ നിന്ന് പഴങ്ങൾ, ഉണക്കപ്പഴങ്ങൾ എന്നിവയാണ് പ്രധാനമായും ഇന്ത്യ ഇപ്പോൾ വാങ്ങുന്നത്. ഇവ ന്യൂഡൽഹിയിൽ എത്തിച്ച് ഒരു വിഹിതം ആഭ്യന്തര വിപണിയിലേക്ക് അയക്കും. ബാക്കി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നതുമാണ് പതിവ്. പഴങ്ങൾ‌ വാങ്ങാൻ കഴിഞ്ഞവാരം കാണ്ഡഹാറിൽ എത്തിയ ഇന്ത്യൻ വ്യാപാരികൾ ബദൽ മാർഗങ്ങൾ വഴിയാണ് അവ ഇന്ത്യയിലെത്തിച്ചത്. ഇറാനിലെ ചബഹാർ തുറമുഖം, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ ട്രെയിൻ‌ സർവീസ് എന്നിവയാണ് വ്യാപാരികൾ പ്രയോജനപ്പെടുത്തുന്നത്.
ചബഹാറിൽ ഇന്ത്യൻ നിയന്ത്രണത്തിലുള്ള ടെർമിനൽ മുഖേന കപ്പലിൽ ഇന്ത്യയിലെ തുറമുഖങ്ങളിൽ എത്തിക്കും. മധ്യേഷ്യൻ രാജ്യങ്ങളിലെ ട്രെയിനുകൾ വഴി വിമാനത്താവളങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും. പാക്കിസ്ഥാൻ വഴിമുടക്കിയിട്ടും അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് കണക്കുപ്രകാരം 2025-26ലും ഇന്ത്യ. 90.78 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും അഫ്ഗാനും തമ്മിൽ കഴിഞ്ഞവർഷം നടന്നത്.
പഴങ്ങൾ, ഉണക്കപ്പഴങ്ങൾ, കുങ്കുമപ്പൂവ്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് അഫ്ഗാനിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. തിരികെ അഫ്ഗാനിലേക്ക് മരുന്നുകൾ, മെഷിനറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഇന്ത്യയും കയറ്റിഅയക്കുന്നു. 2024-25ൽ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് അഫ്ഗാൻ 45.4 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ നിലനിന്ന കഴിഞ്ഞവർഷം അത് വെറും 70 ലക്ഷം ഡോളറിന്റേതാണ്. ഇപ്പോൾ പൂർണമായും സ്തംഭിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയുമായുള്ള വ്യാപാരം വർധിപ്പിക്കാനുള്ള ചർച്ചകളിലേക്കും അഫ്ഗാൻ കടന്നിട്ടുണ്ട്. അഫ്ഗാനി വിമാനക്കമ്പനിയായ കാം എയറിന്റെ ഇന്ത്യയിലേക്കുള്ള സർവീസ് കൂട്ടണമെന്ന് അഫ്ഗാനിസ്ഥനാ്‍ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സിഇഒ സയീദ് കരീം ഹാഷമി ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് ചരക്കുവിമാന സർവീസുകൾ വേണമെന്നും അഫ്ഗാൻ വ്യാപാരികളുടെ വീസ നടപടിക്രമങ്ങൾ‌ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അഫ്ഗാനുമായി കൂടുതൽ വ്യോമയാന സർവീസ് വേണമെന്ന ആവശ്യം ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഫ്ഗാനിലെ ഇന്ത്യ എംബസിയുടെ താൽക്കാലിക ചുമതലവഹിക്കുന്ന യതിൻ പട്ടേലും പറഞ്ഞു.