ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് 23 കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത് കുൻഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഹോട്ടൽ മുറിക്കുള്ളിൽ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെയും ഇതേ മുറിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിൽനിന്നു മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മാലിനി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവരെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ അഭിജിത്, മാലിനിയുടെ സുഹൃത്തുക്കളുടെ മൊഴി പ്രകാരം മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അർധരാത്രിയോടെ മാലിനിയുടെ മുറിയിലെത്തുകയായിരുന്നു.
തന്റെ കാമുകിക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ‘‘അവൾ എന്നെ ചതിക്കുകയായിരുന്നു, മറ്റുള്ളവരോടു സംസാരിക്കുമായിരുന്നു. അവൾ ചെന്നൈയിൽനിന്ന് എത്തുന്നതിനു മുൻപ് ഞാൻ ഈ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. കത്രിക ഉപയോഗിച്ചാണ് ഞാൻ കൊലപ്പെടുത്തിയത്’’ – അഭിജിത് പറഞ്ഞു.
രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ അവളെ കൊലപ്പെടുത്തിയെന്നും ഇനി സ്വന്തം ജീവനൊടുക്കാൻ പോകുകയാണെന്നും പ്രതി തന്നെയാണ് അറിയിച്ചത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനിടെ മാരകമായി പരുക്കേറ്റ പ്രതിയെ പൊലീസ് കാവലിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിനായി കത്രികയ്ക്കു പുറമെ ഒരു ടെസ്റ്ററും പ്രതി ഉപയോഗിച്ചതായി കണ്ടെത്തി. ഗുവാഹത്തിയിൽനിന്നുള്ള ഫൊറൻസിക് സംഘം ഹോട്ടലിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.







