Headlines

വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ താഴേത്തട്ടിൽ ഇടപെടൽ വേണം: എംവി ഗോവിന്ദൻ

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയെ കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ‌. മാർഗരേഖ അവതരണം പൂർത്തിയായെന്നും പോരായ്മകൾ തിരുത്തുമെന്നും അദേഹം വ്യക്തമാക്കി. ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൻറെ രാഷ്ട്രീയ മണ്ഡലത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വർഗീയതയും രാഷ്ട്രീയവും അടക്കമുള്ള വലതുപക്ഷ ആശയങ്ങൾക്ക് സ്വാധീനം നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനപരമായ കാര്യങ്ങൾ മറി കടക്കുന്നതിനാണ് റിപ്പോർട്ട്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ ശക്തിക്ക് മേൽക്കൈ ഉണ്ടാക്കാനാണ് ശ്രമം. ഇതിനെ മറികടക്കാൻ സാധിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുകയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ മാറ്റങ്ങൾക്ക് പ്രധാന പങ്ക് ഇടതുപക്ഷത്തിനാണ്. എന്നാൽ ഇപ്പോൾ കേരളത്തിലെ 20 ശതമാനം ജനങ്ങളുടെ ജീവിതം താഴോട്ട് പോകുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ ശ്രമം നടത്തുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയത് ഗൗരവപൂർവ്വമാണ് കാണുന്നത്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ നേരിടാനാകണം. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം പ്രത്യയശാസ്ത്ര ഉള്ളടക്കത്തോടെ നടത്താൻ കഴിയണമെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷ താത്പര്യത്തിന്റെ പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും ലീഗിൻറെ ലക്ഷ്യം സമ്പന്നരുടെ താല്പര്യം സംരക്ഷിക്കലാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

പ്രാദേശിക തലത്തിൽ രൂപപ്പെട്ടു വരുന്ന പരാതി പരിഹരിക്കാൻ ഫലപ്രദമായ സംവിധാനം വേണം. പുതിയ മേഖലകളിൽ സംഘടന പ്രവർത്തനത്തിന് ഇടപെടൽ നടത്തണം. പാർട്ടി അംഗങ്ങളുടെ നിലവാരം വർധിപ്പിക്കണം. പ്രത്യശാസ്ത്ര കരുത്ത് വർദ്ധിപ്പിക്കാൻ ഇടപെടൽ ഉണ്ടാക്കണം. പാർട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ മാർഗരേഖയിൽ സൂചിപ്പിച്ചു. പിണറായിക്കെതിരെ ഇ ഡിയും മാധ്യമങ്ങളും നടത്തുന്നത് പാർട്ടിക്കെതിരായ കടന്നാക്രണമെന്നാണ് ജനറൽ സെക്രട്ടറി എം എ ബേബി ചിത്രീകരിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ എം എ ബേബി ഇ ഡി എന്ന് പ്രത്യേകം പറയേണ്ടതില്ല. എങ്ങനെയാണ് കടന്നാക്രമണം നടത്തുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പ്രാദേശിക പരാതികളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. താഴേക്ക് പോയി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. ഇ ഡി വിഷയത്തിൽ പ്രത്യേക പ്രമേയം വേണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രവുമായി തിരുത്തൽ നടത്തും. നേതാക്കളുടെ പെരുമാറ്റം തിരുത്തും. തിരുത്തൽ നടത്തിയോ എന്ന് മൂന്ന് മാസങ്ങൾ കൂടുമ്പോൾ പരിശോധിക്കും. ഓരോരുത്തരും കൃത്യമായ തിരുത്തലുകൾ വരുത്തും. താൽ അവതരിപ്പിച്ച രേഖ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഏകകണ്ഠമായി ആയി അംഗീകരിച്ചതാണെന്ന് അദേഹം പറഞ്ഞു.