ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ അടച്ചു. ആക്രമണത്തെ അപലപിച്ച് ഇറാഖ്. യെമനിലെ ചെങ്കടൽ തീരപ്രദേശം മുഴുവൻ പിടിച്ചെടുത്തതായി ഹൂതികൾ. ഹൂതികൾക്കെതിരെ സൗദി പിന്തുണയുള്ള യെമനി ഔദ്യോഗിക സർക്കാരിന്റെ ആക്രമണം തുടരുന്നു. ജോർദാനിലെ അമേരിക്കൻ സൈനിക താവള ആക്രമണത്തിന് ഇറാൻ ചൈനീസ് ഉപഗ്രഹ ദൃശ്യം ഉപയോഗിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്.
യെമനിലെ ചെങ്കടൽ തീരപ്രദേശം മുഴുവൻ പിടിച്ചെടുത്തതായി ഹൂതികൾ അവകാശപ്പെട്ടതിനു പിന്നാലെ, തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിലും ഹൂതികൾ നിയന്ത്രണം വ്യാപിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹൂതികൾ പിടിച്ചെടുത്ത മോഖ നഗരത്തിലേക്ക് ഔദ്യോഗിക യെമനി സർക്കാർ സേനയുടെ ബോംബാക്രമണം തുടരുകയാണ്. അതിനിടെ, സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈൻ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് അടച്ചതായി സൗദി അറേബ്യ ഊർജമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച ഉണ്ടായ ഡ്രോൺ ആക്രമണത്തിലാണ് പൈപ്പ് ലൈനിനോട് ചേർന്ന പമ്പിങ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് പൈപ്പ്ലൈൻ അടച്ചത്. ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് പമ്പിങ് സ്റ്റേഷനുകൾക്ക് തകരാർ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇറാഖ് പറഞ്ഞു. അതിനിടെ, ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിലേക്ക് ജൂലൈയിൽ നടത്തിയ ആക്രമണത്തിന് ചൈനീസ് ഉപഗ്രഹ ദൃശ്യം ഇറാൻ ഉപയോഗിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച യോഗം തിങ്കളാഴ്ച ഒമാനിൽ നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.









