പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്ന് ജോസ് കെ മാണി
ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെയാണ് ഈ നടപടിയിലൂടെ പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്.യുഡിഎഫിൽ നിന്ന് പുറത്താക്കിയ തീരുമാനം രാഷ്ട്രീയ അനീതിയെന്നും ജോസ് കെ മാണി
കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ മാത്രം പ്രശ്നമല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജിവെക്കണമെന്ന് പറയുന്നത് നീതിയുടെ പ്രശ്നമാണ്. അച്ചടക്കത്തിന്റെ പേരിലാണ് നടപടിയെടുക്കേണ്ടതെങ്കിൽ അത് പിജെ ജോസഫിനെതിരെ ആയിരം വട്ടം എടുക്കണമായിരുന്നു.
കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓർമപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചർച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചില്ല. യുഡിഎഫ് യോഗം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്ക ലംഘനമുണ്ടായിട്ടും നടപടിയില്ല. രാഷ്ട്രീയ അജണ്ട ബോധപൂർവം നടപ്പാക്കുകയാണ് യുഡിഎഫ് ചെയ്തത്.
യുഡിഎഫിൽ നടന്നത് വൺവേ ചർച്ചയാണ്. വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. നാളെ പത്തരക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു