ലണ്ടൻ∙ ഇംഗ്ലണ്ടിലെത്തിയ പാകിസ്ഥാൻ അണ്ടർ–19 ക്രിക്കറ്റ് ടീമിനെ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിനു മുന്നിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാർ തടിച്ചുകൂടി. പോർട്സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിനു മുന്നിലാണ് ചൊവ്വാഴ്ച രാത്രി 40–50ഓളം പേരടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്.
മുഖംമൂടി ധരിച്ചവരും സംഘത്തിലുണ്ടായിരുന്നു. ഹോട്ടലിൽ എത്തിയ വിദേശികളായ ഒരു സംഘം അഭയാർഥികളാണെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പ്രതിഷേധം. എന്നാൽ ഹോട്ടലിൽ താമസിച്ചിരുന്നത് പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയ പാകിസ്ഥാൻ അണ്ടർ–19 ക്രിക്കറ്റ് ടീമാണെന്ന് പിന്നീട് വ്യക്തമായി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഹാംപ്ഷയർ കൗണ്ടി കൗൺസിലിലെ റിഫോം യുകെ ഗ്രൂപ്പ് നേതാവ് ജോർജ് മാഡ്വിക്ക് ഹോട്ടലിലെത്തി. ഹോട്ടൽ അധികൃതരുമായി സംസാരിച്ച അദ്ദേഹം താമസിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ടീമാണെന്ന് സ്ഥിരീകരിച്ചു. ടീമിന്റെ പരിശീലകനുമായും അദ്ദേഹം സംസാരിച്ചു. തുടർന്ന് പ്രതിഷേധക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഘം പിരിഞ്ഞുപോയി. സമീപകാലത്ത് പോർട്സ്മൗത്തിൽ അഭയാർഥികളെ എത്തിച്ചതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് മാഡ്വിക്ക് പറഞ്ഞു.
അഭയാർഥികളെ മാറ്റാൻ ഉപയോഗിച്ചിരുന്ന അതേ കമ്പനിയുടെ ബസുമായി സാമ്യമുള്ള വാഹനത്തിലാണ് ക്രിക്കറ്റ് ടീം ഹോട്ടലിലെത്തിയത്. ബസിന്റെ ബ്രാൻഡ്, മോഡൽ, നിറം എന്നിവ സമാനമായിരുന്നതും തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട് താരങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചു. പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള സുരക്ഷാ ക്രമീകരണങ്ങളും പുനഃപരിശോധിക്കുന്നുണ്ട്. പാകിസ്ഥാൻ അണ്ടർ–19 ടീം ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലാണ്. അരുണ്ടലിലും ഗിൽഡ്ഫോർഡിലുമാണ് ടീമിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.






