Headlines

‘നിങ്ങൾ നുണയന്മാരുടെ കൂട്ടം’: യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹാബാദ് ഹൈക്കോടതി

ലക്‌നൗ ∙ ‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന വിമർശനത്തോടെ യുപി പൊലീസിനെ അലഹാബാദ് ഹൈക്കോടതി വീണ്ടും നിർത്തിപ്പൊരിച്ചു. 4 പേരെ 10 ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽവച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണു ദേവ്‌റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മലയാളി ജഡ്‌ജി അതുൽ ശ്രീധർ കടുത്ത വിമർശനം നടത്തിയത്.

ദേവ്‌റിയ എസ്‌പി കോടതിയിൽ മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കോടതിയോടല്ല, ജനങ്ങളോടാണു മാപ്പു പറയേണ്ടതെന്നു ജ‍ഡ്‌ജി നിർദേശിച്ചു. 4 പേരെ അനധികൃത തടങ്കലിൽ വച്ചതിന് എസ്എച്ച്ഒയുടെ ശമ്പളത്തിൽനിന്ന് 65,000 രൂപ 4 പേർക്കുമായി നഷ്ടപരിഹാരം നൽകാനും വിധിച്ചു. ദേശസുരക്ഷാ നിയമം ചുമത്തി, നോയിഡയിൽ ആകൃതി ചൗധരിയെന്ന വിദ്യാർഥിനിയെ അനധികൃതമായി തടങ്കലിലിട്ടതിനു കലക്ടറും പൊലീസും ഉൾപ്പെടെ 5 ലക്ഷം രൂപ ശമ്പളത്തിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് ദിവസങ്ങൾക്കുള്ളിലാണിത്.സിസിടിവി സംവിധാനം തകരാറിലായെന്ന പൊലീസിന്റെ വിശദീകരണത്തിലെ അതൃപ്തി പരസ്യമാക്കിയാണ് ജസ്റ്റിസ് ദിവേഷ് ചന്ദ്ര സാമന്ത്് ഉൾപ്പെട്ട ബെഞ്ചിന്റെ വിമർശനം. കഴിഞ്ഞ ഏപ്രിലിൽ അനധികൃതമായി തടങ്കലിൽ വച്ചുവെന്നാണു പരാതി. സത്യാവസ്ഥ പരിശോധിക്കാൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, പരാതിയിൽ പറയുന്ന ദിവസം സിസിടിവി സംവിധാനം തകരാറിലായെന്നും പിന്നീട് നന്നാക്കിയെന്നുമാണ് എസ്‌എച്ച്ഒ കോടതിയെ അറിയിച്ചത്.

എന്നാൽ, സിസിടിവി തകരാറിലായതോ അറ്റകുറ്റപ്പണി നടത്തിയതോ ജനറൽ ഡയറിയിൽ പരാമർശിച്ചിരുന്നില്ലെന്നു കോടതി കണ്ടെത്തി. ജനറൽ ഡയറി പോലും പരിശോധിച്ചുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ചുമതലയുള്ളയാളെ പിരിച്ചുവിടുകയാണ് ഉചിതമെന്നു കോടതി വിമർശിച്ചു.