Headlines

ശബരിമല വികസന അതോറിറ്റി രൂപീകരണം: ആദ്യ യോഗം സെപ്റ്റംബര്‍ 11 ന്

തിരുവനന്തപുരം∙ ശബരിമല വികസന അതോറിറ്റി രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി ആദ്യ യോഗം സെപ്റ്റംബര്‍ 11 ന് നടക്കും. ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിനു സമ്പൂര്‍ണ നിയന്ത്രണം കൈവരികയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ പരിമിതമാകുകയും ചെയ്യും.
ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നത നിലനില്‍ക്കുന്ന ഘട്ടത്തിലാണ് വികസന അതോറിറ്റി രൂപീകരണത്തിനുള്ള യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാരാണ് വികസന അതോറിറ്റി എന്ന ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം മന്ത്രി വൈസ് ചെയര്‍മാനും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമാണ് അതോറിറ്റി രൂപീകരിക്കുക.
ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2050 വരെയുള്ള വികസന പദ്ധതികള്‍ മുന്‍കൂട്ടി കണ്ടു തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ദൗത്യം.

ശബരിമല മാസ്റ്റര്‍പ്ലാനില്‍ 2025-30 കാലയളവില്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍

1. പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്ക് കുറുകെ നിര്‍മിക്കുന്ന സുരക്ഷാപാലം. (അടങ്കല്‍ തുക 31.90 കോടി രൂപ)
2. നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. (28.40 കോടി രൂപയുടെ ഭരണാനുമതി)
3. കുന്നാറില്‍നിന്ന് ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍. (9.94 കോടി രൂപയുടെ ഭരണാനുമതി)
4. നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മാണം. (അടങ്കല്‍ തുക 145 കോടി രൂപ)
5. ശബരിമല സന്നിധാനത്തെ തീര്‍ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മാണം. (അടങ്കല്‍ തുക 96 കോടി രൂപ)
6. ശബരിമല സന്നിധാനത്ത് അഗ്‌നിശമന സംവിധാനങ്ങള്‍ ( അടങ്കല്‍ തുക 3.72 കോടി രൂപ)