തമിഴ്നാട്: തമിഴ്നാട് ഈറോഡ് സത്യമംഗലം സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം. സംഭവത്തിൽ മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി അറുമുഖം അറസ്റ്റിലായി. ഭാര്യയെ പാചക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ക്രൂരതയ്ക്ക് കാരണം. ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്കൂൾ വിദ്യാർഥിയെ ഉപയോഗിച്ചുകൊണ്ട് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലെ മഞ്ഞ നിറം അധ്യാപകർ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തതോടെ വിവരം പുറത്തറിയുകയുമായിരുന്നു. തന്നെ സഹായിച്ചാൽ പകരം പുതിയ വസ്ത്രങ്ങൾ വാങ്ങിത്തരാമെന്ന് അറുമുഖം വാഗ്ദാനം ചെയ്യുകയും ചെയ്തതായി വിദ്യാർഥി പറഞ്ഞു.
സാമ്പാറിലാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്. തമിഴ്നാട് സർക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇവിടെ നൽകിവരുന്നുണ്ട്. 51 വിദ്യാർഥികളാണ് ഈ സ്കൂളിലുള്ളത്. പാചകത്തിലെ നിലവാരക്കുറവ് കാരണമാണ് അലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
അറുമുഖത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ ഭാര്യയെ പിടികൂടാനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ രാസവസ്തു ഉള്ളിൽ ചെന്നാൽ ശരീരത്തിലുടനീളം ഗുരുതരമായ വിഷബാധയുണ്ടാകുമെന്നും, ഇത് പെട്ടെന്ന് തന്നെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് (multi-organ failure) നയിക്കുകയും ചെയ്യും.






