കേരള രാജ്യാന്തര ചലച്ചിത്രമേള 25-ാം എഡിഷൻ ഫെബ്രുവരിയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. എല്ലാ വർഷവും ഡിസംബര്‍ മാസത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയ്യതികളിലേക്കാണ് നിലവില്‍ തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്നും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്നും സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിലൂടെ അറിയിച്ചു. ചലച്ചിത്രമേളയുടെ 25-ാം എഡിഷനാണ് ഇക്കുറി നടക്കേണ്ടിയിരുന്നത്.

ചലച്ചിത്രമേളയിലേക്ക് ചലച്ചിത്രങ്ങലും ക്ഷണിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് അവസരം. ഒക്ടോബര്‍ 31 വരെയാണ് ചലചിത്രങ്ങൾ അയക്കാനുള്ള അവസാന തീയ്യതി. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പ് അക്കാദമിയില്‍ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.