Headlines

‘വിദ്യാർഥികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ആശങ്കാജനകം’; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി SFI

 

തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ. വസ്തുത പുറത്തുകൊണ്ടുവരാന്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

 

 

‘വിദ്യാർഥികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ആശങ്കാജനകം’. ഗുരുതരമായ കുറ്റം ചുമത്തുന്നത് വിദ്യാഭ്യാസത്തെയും ഭാവിയെയും ബാധിക്കും. വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ കുറ്റത്തിൽ പുനപരിശോധന ഉണ്ടാകണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിക്കുന്നു.

 

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍, പൊലീസ് കാമറകള്‍, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ വീഡിയോകള്‍ എന്നിവ ശേഖരിച്ച് പരിശോധിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

 

പൊലീസ് ചികിത്സ തേടിയ ആശുപത്രികളിലെ മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പരിശോധിച്ച് പരാതികളിലെ ആരോപണങ്ങളുടെ യാഥാര്‍ഥ്യം ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.

 

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ് സഞ്ജീവ് അടക്കം 31 പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വൈഷ്ണവിയുടെ പേരിലും കേസെടുത്തിട്ടുണ്ട്.

 

എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എസ്എപി ബറ്റാലിയന്‍ അംഗം ജയകൃഷ്ണനെ തടികൊണ്ട് തലയിലടിക്കാന്‍ ശ്രമിച്ചെന്നും കൈയും കമ്പും ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍.

 

കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. ഈ മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിവീശിയത്.