Headlines

വിനാശം പ്രവചിച്ചവർ തോറ്റമ്പിയെന്ന് മോദി; ‘ഇന്ത്യ തഴച്ചുവളരുന്നു’; രാജ്യാന്തര പ്രശ്നം വെല്ലുവിളിയെന്ന് അനന്തനാഗേശ്വരൻ

 

ഇന്ത്യയുടെ വിനാശം പ്രവചിച്ചവർ തോറ്റമ്പിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പ്രവചനങ്ങളെ നിഷ്പ്രഭമമാക്കി ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ 7.8% സാമ്പത്തിക വളർച്ച നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വാക്കുകൾ. ഇന്ത്യ തഴച്ചുവളരുകയാണെന്ന് മോദി പറഞ്ഞു. രാജ്യാന്തര തലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ജനങ്ങളുടെ കൂട്ടായ ശക്തി കൊണ്ടാണ് ഇന്ത്യയ്ക്ക് ഈ വളർച്ച കൈവരിക്കാൻ കഴിഞ്ഞതെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

 

അതേസമയം, ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക പ്രകടനം മികച്ചതാണെങ്കിലും മുന്നോട്ടുപോകുമ്പോൾ രാജ്യാന്തര പ്രശ്നങ്ങൾ സാമ്പത്തികവളർച്ചയെ ബാധിക്കാമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരൻ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതത്തിനിടയിലും അനുമാനങ്ങളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്കിൽ വീണ്ടും കുതിപ്പുണ്ടായെന്നാണ് കഴിഞ്ഞ ത്രൈമാസത്തിലെ ജിഡിപി കണക്ക് വ്യക്തമാക്കുന്നത്.

നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ–ജൂൺ) സാമ്പത്തികവളർച്ചനിരക്ക് 7.8 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിലെ (ജനുവരി–മാർച്ച്) വളർച്ചാനിരക്കായ 8.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും വിവിധ ഏജൻസികളുടെ അനുമാനത്തിനപ്പുറമാണ് ഇക്കുറി വളർച്ച. റിസർവ് ബാങ്ക് പോലും 7% വളർച്ചയാണ് ആദ്യപാദത്തിൽ പ്രവചിച്ചിരുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമായിരുന്നിട്ടും ആഭ്യന്തര സാമ്പത്തികമേഖലയിലെ മികച്ച പ്രകടനമാണ് കണക്കിൽ പ്രതിഫലിച്ചത്.

 

കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ വളർച്ചനിരക്ക് 6.9 ശതമാനമായിരുന്നു. ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം). കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തികവളർച്ച നിരക്കായി കണക്കാക്കുന്നത്. ധന, റിയൽ എസ്റ്റേറ്റ്, ഐടി, പ്രഫഷനൽ സേവനമേഖലകളാണ് ഏറ്റവും മികച്ച വളർച്ചനിരക്ക് കൈവരിച്ചത് 12.1%. ഉൽപാദനരംഗം 9.2 ശതമാനവും വ്യാപാരം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം എന്നീ മേഖലകൾ 8.5 ശതമാനവും വളർച്ച നേടി. കാർഷികമേഖലയിലുണ്ടായ വളർച്ച 3.6%.