Headlines

സ്ത്രീകൾക്ക് മാസം 2500 രൂപ കിട്ടുന്ന പദ്ധതി; മെച്യൂരിറ്റി കാലാവധി തീരുമാനിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷം വരെ

 

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം കിട്ടുന്ന പുത്തൻ പദ്ധതിയിലെ ബാങ്ക് റെക്കറിങ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലവധി തീരുമാനിച്ചു. 2029 ജൂലൈയിലാണ് നിക്ഷേപ കാലാവധി അവസാനിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് 2029.

 

ഡൽഹി സർക്കാരാണ് സംസ്ഥാനത്തെ വനിതകൾക്കായി ‘ലക്ഷ്മി യോജന’ എന്ന പദ്ധതി ആവിഷ്കരിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു റജിസ്ട്രേഷൻ തുടക്കം. സ്ത്രീകൾക്ക് ഹ്രസ്വകാലത്തിന് പുറമേ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ലോക്ക്-ഇൻ കാലാവധിയോടു കൂടി പദ്ധതിയിൽ ആർഡി നിക്ഷേപവും ചേർക്കുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞിരുന്നു.

2500 രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുകയല്ല ചെയ്യുന്നത്. പകരം, 1000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ബാക്കി 1500 രൂപ ബാങ്കിൽ ആർഡി അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഈ തുകയാണ് 2029 ജൂലൈയിൽ പിൻവലിക്കാനാവുക. റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് അവതരിപ്പിച്ച ‘സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി’ വോലറ്റുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് 1000 രൂപ വീതം ഓരോമാസവും നൽകുക. ബാക്കി 1500 രൂപ ആർഡി അക്കൗണ്ടിലേക്കും.

 

മൊത്തം 17 ലക്ഷം വനിതകളെ ഉന്നമിട്ടാണ് ഡൽഹി സർക്കാർ പദ്ധതി അവതരിപ്പിച്ചതെങ്കിലും റജിസ്ട്രേഷന് കടുത്ത നിബന്ധനകളുണ്ട്. അവ ഇങ്ങനെ:

∙ 21നും 60നും മധ്യേ പ്രായമുള്ള സ്തരീകൾക്കായുള്ള പദ്ധതിയാണിത്.

∙ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം.

∙ കുടുംബത്തിന്റെ വാർഷി വരുമാനം 2.50 ലക്ഷം രൂപ കവിയരുത്.

∙ അപേക്ഷകയോ ഭർത്താവോ അല്ലെങ്കിൽ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.

∙ അപേക്ഷ ഡൽഹിയിലെ വോട്ടർ‌ ആയിരിക്ക

ണം.

∙ കുടുംബത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റ് കവിയരുത്.

∙ അപേക്ഷക മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നയാൾ ആകരുത്. ആദായനികുതി ദായകർ, ജിഎസ്ടി ദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്കും അയോഗ്യതയുണ്ട്.

∙ അപേക്ഷയ്ക്കോ കുടുംബത്തിനോ കാർ ഉണ്ടെങ്കിൽ പദ്ധതിയിൽ ചേരാനാവില്ല.

∙ മൂന്നിലധികം കുട്ടികളുള്ളവരും അയോഗ്യരാണ്.

∙ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പദ്ധതിയിൽ ചേരാനാവില്ല.