സീസൺ സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കു കടിഞ്ഞാണിടണമെന്ന പ്രവാസികളുടെ ആവശ്യത്തിന് പ്രവാസത്തോളം തന്നെ പഴക്കമുണ്ട്. ഓണമാകട്ടെ, വിഷുവാകട്ടെ, ക്രിസ്മസാകട്ടെ, ഈദാകട്ടെ ആഘോഷകാലമെത്തുമ്പോൾ ടിക്കറ്റ് നിരക്കും കുതിക്കും. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധിക്കാലം തുടങ്ങുന്നതിന് മുൻപും അവസാനിക്കുന്നതിന് മുൻപുമുള്ള ദിവസങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വിമാനത്തേക്കാൾ വേഗത്തിലാണ് ടിക്കറ്റ് നിരക്ക് മുകളിലേക്ക് കുതിക്കുന്നത്.
ഇത്തവണ മധ്യവേനലവധി അവസാനിക്കുന്ന ആഴ്ചയിലാണ് ഓണമെത്തിയത്. നാട്ടിൽ ഓണം ആഘോഷിച്ച് കുടുംബത്തോടൊപ്പം തിരിച്ചെത്താമെന്ന പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായത് കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കാണ്. ഓണം കഴിഞ്ഞ് ഓഗസ്റ്റ് 31ന് യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതും പ്രവാസി കുടുംബങ്ങൾ ഒരേസമയം തിരിച്ചെത്തേണ്ട സാഹചര്യം സൃഷ്ടിച്ചതോടെ നിരക്ക് വീണ്ടും കുതിച്ചു. ഇതോടെ പലരും ഓണം നാട്ടിൽ ആഘോഷിക്കാനുള്ള ആഗ്രഹം മാറ്റിവച്ച് ദിവസങ്ങൾക്കു മുൻപേ തന്നെ ഗൾഫിലേക്ക് മടങ്ങി.
∙ഒഴിഞ്ഞ സീറ്റുകളുടെ നഷ്ടം സീസണിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നുവോ?
സീസൺ അല്ലാത്ത സമയങ്ങളിൽ പല വിമാനങ്ങളും ഒഴിഞ്ഞ സീറ്റുകളുമായാണ് സർവീസ് നടത്തുന്നത്. ആ നഷ്ടം നികത്താൻ സീസൺ സമയങ്ങളിൽ വലിയ നിരക്ക് ഈടാക്കുന്നുവെന്ന് അബുദാബിയിൽ ജോലി ചെയ്യുന്ന മുസ്തഫ പാട്ടശ്ശേരി വിലയിരുത്തുന്നു. ഈ സാമ്പത്തിക ബാധ്യത സാധാരണ പ്രവാസി കുടുംബങ്ങളാണ് വഹിക്കുന്നത്. ഇത്തവണ നാട്ടിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിലാണ് മുസ്തഫ യാത്ര ചെയ്തത്. ഓഗസ്റ്റ് രണ്ടാം വാരത്തിലെ യാത്രയ്ക്ക് നൽകിയത് 450 ദിർഹം. വിമാനത്തിൽ പകുതിയോളം സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നുവെന്നാണ് മുസ്തഫ പറയുന്നത്. തിരിച്ച് കോഴിക്കോട്ട് നിന്ന് അൽഐനിലേക്ക് ടിക്കറ്റെടുത്തപ്പോൾ നൽകേണ്ടി വന്നത് 1472 ദിർഹം.
അബുദാബിയിലേക്കുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ അൽഐനിലേക്ക് ടിക്കറ്റ് ലഭിച്ചു. മധ്യവേനലവധി അവസാനിക്കുന്ന സമയമായതിനാൽ മകളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്ക് രണ്ടാഴ്ച കഴിഞ്ഞുള്ള ടിക്കറ്റാണ് എടുത്തത്. അതോടെ നിരക്കിൽ വലിയ വ്യത്യാസമുണ്ടായി. ‘നിരക്ക് താങ്ങാനാകാത്തതിനാൽ പല പ്രവാസി കുടുംബങ്ങളും ഒരുമിച്ച് യാത്ര ചെയ്യുന്നതിനു പകരം വ്യത്യസ്ത ദിവസങ്ങളിലാണ് ടിക്കറ്റ് എടുക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങൾ ഒഴിവാക്കി ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരുമുണ്ട്. നാലുപേരുടെ ടിക്കറ്റ് നിരക്ക് കണക്കാക്കുമ്പോൾ ആയിരക്കണക്കിന് ദിർഹത്തിന്‍റെ വ്യത്യാസമാണ് ഉണ്ടാകുന്നത്. ചിലർ ഇതൊരു യാത്രാ അവസരമാക്കി മാറ്റി ബെംഗളൂരുവിലോ ചെന്നൈയിലോ എത്തി അവിടെയും കറങ്ങി നാട്ടിലേക്ക് പോകുന്നു’, മുസ്തഫ പറയുന്നു.
∙12 മണിക്കൂർ യാത്ര, പക്ഷേ 1200 ദിർഹം ലാഭം
ദുബായിൽ അക്കൗണ്ട്സ് മേഖലയിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി സിജീഷ് മുകുന്ദന്‍റെ കുടുംബവും ടിക്കറ്റ് നിരക്കിലെ വ്യത്യാസം നോക്കി ടിക്കറ്റെടുത്താണ് ഇത്തവണ യാത്ര ചെയ്തത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ജൂലൈ രണ്ടാം വാരത്തിൽ അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സിലാണ് കൊച്ചിയിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് പേർക്ക് ഏകദേശം 4000 ദിർഹമാണ് ടിക്കറ്റിനായി ചെലവായത്. അതേസമയം ദുബായ്–കൊച്ചി ടിക്കറ്റ് നിരക്ക് ആ സമയത്ത് 5000 ദിർഹത്തിനടുത്തായിരുന്നുവെന്ന് സിജീഷ് പറയുന്നു. ഓഗസ്റ്റ് രണ്ടാം വാരം കൊച്ചിയിൽ നിന്ന് ദുബായിലേക്ക് മടങ്ങുമ്പോൾ നേരിട്ടുള്ള സർവീസ് ഒഴിവാക്കി സൗദി അറേബ്യയിലെ ജിദ്ദ വഴിയായിരുന്നു യാത്ര. കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ ജിദ്ദയിലേക്കും അവിടെ നിന്ന് ദുബായിലേക്കും. യാത്രയ്ക്ക് ഏകദേശം 12 മണിക്കൂർ എടുത്തെങ്കിലും ടിക്കറ്റ് നിരക്കിൽ 1200 ദിർഹത്തോളം ലാഭിക്കാനായി.
രണ്ട് വർഷത്തിന് ശേഷമാണ് ഇത്തവണ സിജീഷ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ടിക്കറ്റ് നിരക്ക് അതിനും തടസ്സമായി. ‘ഓഗസ്റ്റ് 31ന് യുഎഇയിൽ സ്കൂൾ തുറക്കുന്ന സമയമായതിനാൽ തിരിച്ചുവരാനുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഓണം കഴിഞ്ഞ സമയമായതിനാൽ നിരക്ക് ഇരട്ടിയിലധികമായി വർധിച്ചു. അത്രയും തുക നൽകാൻ കഴിയാത്തതിനാൽ നേരത്തെ തന്നെ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ അവധിക്കാലത്ത് നാട്ടിൽ പോയിരുന്നില്ല. നാട്ടിൽ പോയി തിരിച്ചെത്തിയാൽ ആ സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ മാസങ്ങളെടുക്കും’സിജീഷ് പറയുന്നു. കോവിഡിന് ശേഷം വിമാന ടിക്കറ്റ് നിരക്കിൽ വലിയ കുറവ് ഉണ്ടാകാറില്ലെന്നും സിജീഷ് പറയുന്നു.
∙അബുദാബിയിൽ നിന്ന് ബഹ്റൈനും ബെംഗളൂരുവും കടന്ന് കണ്ണൂരിലേക്ക്
യാത്രാ ദൈർഘ്യമോ കാത്തിരിപ്പോ നോക്കാതെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കഴിയുന്ന വഴികൾ തേടുന്ന പ്രവാസികളുടെ മറ്റൊരു ഉദാഹരണമാണ് അബുദാബിയിൽ ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷിഹാബിന്‍റേത്. അബുദാബിയില്‍ നിന്ന് ബഹ്റൈൻ, അവിടെ നിന്ന് ബെംഗളൂരു, ബെംഗളൂരുവിൽ നിന്ന് സ്ലീപ്പർ ബസിൽ കണ്ണൂർഇതായിരുന്നു ഇത്തവണ ഷിഹാബും കുടുംബവും തിരഞ്ഞെടുത്ത വഴി. അബുദാബി–കണ്ണൂർ നേരിട്ടുള്ള ടിക്കറ്റിനേക്കാൾ ഒരാൾക്ക് ഏകദേശം 1000 ദിർഹം ലാഭിക്കാനായതോടെയാണ് ഗൾഫ് എയർ വഴിയുള്ള ഈ യാത്ര തിരഞ്ഞെടുത്തത്. ജൂലൈ 9ന് കണ്ണൂരിലേക്കും ഓഗസ്റ്റ് 17ന് തിരിച്ചും യാത്ര ചെയ്ത അഞ്ചംഗ കുടുംബത്തിന് ആകെ ടിക്കറ്റ് നിരക്കിൽ ഏകദേശം 5000 ദിർഹത്തിന്‍റെ വ്യത്യാസമുണ്ടായെന്നാണ് ഷിഹാബിന്‍റെ കണക്ക്. ഒരു ദിർഹത്തിന് 26 രൂപ കണക്കാക്കിയാൽ ഏകദേശം 1.30 ലക്ഷം രൂപയുടെ വ്യത്യാസം. യാത്രയുടെ ബുദ്ധിമുട്ടും മണിക്കൂറുകളുടെ കാത്തിരിപ്പും കണക്കിലെടുത്തില്ലെന്നും ടിക്കറ്റ് നിരക്കിലെ വലിയ വ്യത്യാസമാണ് പ്രധാനമായും പരിഗണിച്ചതെന്നും ഷിഹാബ് പറയുന്നു.
ഓഗസ്റ്റ് 17ന് തിരിച്ചെത്തിയതിനാലാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചത്. ഓഗസ്റ്റ് അവസാന വാരത്തിലേക്ക് ടിക്കറ്റ് മാറ്റാൻ ശ്രമിച്ചെങ്കിലും നിരക്ക് കുത്തനെ ഉയർന്നതോടെ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ‘കുട്ടികൾക്ക് സ്കൂൾ അവധിയുള്ള സമയമായതിനാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടുംബമായി യാത്ര ചെയ്യാൻ കഴിയുന്നത്. അതേ സമയത്ത് ടിക്കറ്റ് നിരക്ക് ഇത്തരത്തിൽ കുതിക്കുന്നത് വലിയ തിരിച്ചടിയാണ്. യാത്രയുടെ ബുദ്ധിമുട്ട് സഹിച്ചാലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന വഴിയാണ് പ്രവാസികൾ തേടുന്നത്’ ഷിഹാബ് പറയുന്നു.
∙ആഘോഷകാലം പ്രവാസികൾക്ക് ‘ചെലവേറിയ യാത്രാക്കാലം‘
കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് മുന്നിൽ വീണ്ടും വില്ലനാകുന്നത് വിമാന ടിക്കറ്റ് നിരക്ക് തന്നെ. സ്കൂൾ അവധിയും ഓണവും ഒരേ സമയത്ത് എത്തിയതോടെ ഇത്തവണ നിരക്ക് വർധനയുടെ ആഘാതം കൂടുതൽ രൂക്ഷമായി. നേരത്തെ ടിക്കറ്റ് എടുക്കുക, യാത്ര വ്യത്യസ്ത ദിവസങ്ങളിലാക്കുക, ദുബായ്ക്ക് പകരം മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുക, കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കുക, ഒന്നിലധികം വിമാനങ്ങൾ കയറി യാത്ര ചെയ്യുക, ഇങ്ങനെ ചെലവ് കുറയ്ക്കാനുള്ള വഴികൾ തേടിയാണ് പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കുന്നത്.
ആഘോഷിക്കാൻ നാട്ടിലെത്തുമ്പോഴും മടങ്ങിപ്പോകാനുള്ള ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള ആശങ്ക അവസാനിക്കുന്നില്ല. പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്ര ഒരു ആഘോഷമാകേണ്ടിടത്ത്, പല കുടുംബങ്ങൾക്കും അത് വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണെന്നുളളതാണ് യാഥാർത്ഥ്യം.









