Headlines

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം; പിതാവ് മരിച്ചു

കോഴിക്കോട് ∙ കൈതപ്പൊയിൽ – കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. മാനന്തവാടി അഞ്ചുകുന്ന് ആറാം മൈൽ മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്.

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുകയായിരുന്നു റഷീദും ഭാര്യയും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു റഷീദിന്റെ മരണം സ്ഥിരീകരിച്ചത്. റഷീദിന്റെ ഭാര്യ റംല ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

റഷീദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: മുബഷീർ(ദുബായ്), റമീസ്(ഷാർജ), റഈസ്, ഐബ ഫാത്തിമ. മയ്യിത്ത് നമസ്കാരം മാനാഞ്ചിറ ജുമാ മസ്ജിദിലും കബറടക്കം കെല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിലും നടത്തും.