ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ തുലാസിൽ നിൽക്കേ, ആഗോള സാമ്പത്തിക മേഖലകൾക്ക് കൂടുതൽ ഇടിത്തീയായി പുത്തൻപുതിയ പോരാട്ടങ്ങൾക്ക് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയുമായി അതിർത്തി പങ്കിടുന്ന യുഎസിന്റെ വടക്കൻ മേഖലയിലുള്ള ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് അമേരിക്ക തടാകം (Lake America) എന്നുമാറ്റിയാണ് ട്രംപ് പ്രകോപനത്തിന്റെ വെടിപൊട്ടിച്ചത്.
വ്യാപാരച്ചർച്ചകൾ പൊളിഞ്ഞതിനെ തുടർന്ന് കാനഡയ്ക്കുമേൽ ട്രംപ് 50% പകരംതീരുവ ഏർപ്പെടുത്തിയിരുന്നു. യുഎസിൽ നിന്ന് കാനഡയിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് സമാനതീരുവ പ്രഖ്യാപിച്ച് കാനഡയും തിരിച്ചടിച്ചതോടെ ഉഭയകക്ഷി ബന്ധം വഷളായി. അതേസമയം, ട്രംപ് തടാകത്തിന്റെ പേരുമാറ്റിയത് പ്രതീകാത്മകമായാണോ കാര്യമായിട്ടു തന്നെയാണോ എന്ന് വൈറ്റ്ഹൗസോ ട്രംപോ സ്ഥിരീകരിച്ചിട്ടില്ല. പേരുമാറ്റം അംഗീകരിക്കില്ലെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. ഒരേ തടാകത്തിന് വെവ്വേറെ പേര് ഉപയോഗിക്കാൻ യുഎസിനും കാനഡയ്ക്കും നിയമതടസ്സവുമില്ല.
അതേസമയം, കാനഡയെ പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തുവന്നു. 2027 ജനുവരി ഒന്നുമുതൽ കാനഡയിൽ നിന്നുള്ള കാർ, ട്രക്ക്, വാഹനഘടകങ്ങൾ, സ്റ്റീൽ എന്നിവയ്ക്കും 50% തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ നടപടി കാനഡയുടെ വാഹന വ്യവസായത്തെ തകർക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. പകരത്തിനുപകരമെന്നോണം അതേനാണയത്തിൽ യുഎസിനെ തിരിച്ചടിക്കുമെന്നും കാർണി പറഞ്ഞതോടെ വ്യാപാരയുദ്ധം കടുക്കുമെന്ന് ഉറപ്പായി.
ഇതിനിടെ, ചൈനയുമായുള്ള വ്യാപാരയുദ്ധവും കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ്. ഇറാനുമേൽ കൂടുതൽ സാമ്പത്തിക ആഘാതം ഏൽപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്താനാണ് പുതിയ ആലോചന. ഇറാനുമായി വ്യാപാര ഇടപാടുകൾ നടത്തുന്ന ബാങ്കുകളെയാണ് വിലക്കുക. ഇതിനോട് ചൈനയും പ്രതികരിക്കുമെന്ന് ഏറക്കുറെ ഉറപ്പായതിനാൽ യുഎസ്-ചൈന വ്യാപാരയുദ്ധവും ആഗോള സമ്പദ്മേഖലകളെ വലച്ച് വഷളാകും.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തുപയോഗിക്കുന്ന സെമികണ്ടക്ടറുകൾക്ക് (ചിപ്) തീരുവ ഏർപ്പെടുത്താനും ട്രംപ് ആലോചിക്കുന്നുണ്ട്. ഇതും ഉന്നംവയ്ക്കുന്നത് ചൈനയെയാണ്. അമേരിക്കയിൽ മാനുഫാക്ചറിങ് കൂട്ടണമെന്ന വാദമാണ് ട്രംപ് ഉയർത്തുന്നത്. കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും ഇപ്പോഴും ചൈനീസ് കമ്പനികൾക്ക് യുഎസ് കമ്പനിയായ എൻവിഡിയയുടെ ചിപ്പുകൾ കിട്ടുന്നുണ്ടെന്നും ഇതാണ് ചൈനയുടെ എഐ മുന്നേറ്റത്തിന് സഹായിക്കുന്നതെന്നും ട്രംപ് ഭരണകൂടം കരുതുന്നു.അതേസമയം, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ ഖത്തറും ഇടപെടുകയാണ്. ഇറാനും യുഎസും തമ്മിലെ നയതന്ത്രപാത വീണ്ടും തുറക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ചർച്ച നടത്തി. ഹോർമുസിൽ ഇറാൻ പാകിയ മൈനുകൾ (ബോംബ് കെണികൾ) നീക്കാനും ഖത്തർ സഹകരിക്കും.
ഹോർമുസിന്റെ നിയന്ത്രണവും വരുമാനവും പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ഏകദേശ ധാരണയിലെത്തി. ഇത് യുഎസും അംഗീകരിച്ചാലേ നടപ്പാക്കാനാകൂ. ഹോർമുസ് വഴിയുള്ള കപ്പൽനീക്കം ഏതാണ്ട് പുനരാരംഭിച്ചെന്നാണ് സൂചന. ഇത് എണ്ണവിലയുടെ വമ്പൻ മുന്നേറ്റത്തിന് തടയിടുകയുമാണ്. എങ്കിലും, ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.12% ഉയർന്ന് 89.70 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 0.10% നേട്ടവുമായി 83.61 ഡോളറിലും. സ്വർണവില നേരിയ നഷ്ടത്തിലാണുള്ളത്. ഔൺസിന് 4617 ഡോളർ വരെ ഉയർന്നശേഷം ഇപ്പോൾ 4594 ഡോളറിലെത്തി.









