ചൈനയെയും ട്രംപ് വെറുതെ വിട്ടില്ല, ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന എല്ലാ രാജ്യങ്ങളെയും പൂട്ടാൻ യുഎസ് സർക്കാർ. ഇറാനൊപ്പം വ്യാപാരപങ്കാളികളെയും ഉന്നമിട്ട് കടുത്ത ഉപരോധങ്ങളുമായി ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക യുദ്ധപ്രഖ്യാപനം. ഇറാനെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന രാജ്യങ്ങളെയും ഉപരോധിക്കുമെന്നാണ് ഭീഷണി. ‘ഓപറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലാണ് നടപടി.
ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടു വിളിക്കും. എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ഓരോ രാജ്യങ്ങൾക്കും സമയപരിധി നിശ്ചയിച്ചു നൽകും. ഏതെങ്കിലും രാജ്യം ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ് മുന്നറിയിപ്പ് നൽകി. ഈ വ്യവസ്ഥകൾ ഉടനടി നടപ്പിലാക്കില്ലെന്നാണ് വിപണി കരുതുന്നത്. ക്രൂഡോയിൽ വില കാര്യമായി വർധിച്ചിട്ടില്ല.
എന്നാൽ സാമ്പത്തിക ഉപരോധം തുടർന്നാൽ പശ്ചിമേഷ്യയിൽ നിന്ന് ഒരു തുള്ളി ക്രൂഡോയിൽ പോലും പുറത്തു കടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അനുമതിയില്ലാതെ ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്ക് കടക്കില്ലെന്ന് ആവർത്തിച്ച ഇറാൻ നിയമം ലംഘിച്ച കപ്പലുകളുടെ പട്ടികയും പുറത്തുവിട്ടു. 1979 മുതൽ ഇറാനെതിരെ നിലവിലുള്ള യുഎസ് ഉപരോധങ്ങൾക്കു പുറമേയുള്ള കടുത്ത നടപടികളിലേക്കാണു ട്രംപ് ഭരണകൂടം നീങ്ങുന്നത്. ശത്രുരാജ്യത്തിനെതിരെ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തികയുദ്ധമായിരിക്കും ഇതെന്നാണു വാദം. ഇതിനെതിരെ ഇറാൻ സൈനിക നടപടികൾ ശക്തമാക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ ക്രൂഡോയിൽ വില അടക്കമുള്ളവ ഇനിയും വർധിക്കും.
ചൈനയുമായി വീണ്ടും തർക്കം?
പുതിയ നീക്കങ്ങൾ ചൈനയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം വഷളാക്കുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വ്യാപാര യുദ്ധത്തിനു ശേഷം അടുത്തിടെയാണ് ഇരുരാജ്യങ്ങളും ബന്ധം പുനരാരംഭിച്ചത്. കഴിഞ്ഞ മേയിൽ ചൈനയിലെത്തിയ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ കണ്ടിരുന്നു. അടുത്ത മാസം ഷീ യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ നീക്കങ്ങൾ. യുഎസ് ഉപരോധത്തിൽ നിന്ന് ചൈനയെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ഒരു രാജ്യവും അമേരിക്കൻ ഉപരോധത്തിനു മുകളിലല്ലെന്നായിരുന്നു ബെസന്റിന്റെ മറുപടി. ഇറാനു വേണ്ടി കറൻസി കൈമാറ്റം അടക്കമുള്ളവ ചെയ്യുന്ന ചൈനീസ് ബാങ്കുകളെ യുഎസ് ലക്ഷ്യം വച്ചാൽ സാമ്പത്തിക മേഖലയിൽ സ്ഥിതി വഷളാകും.
ഇറാനെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്നവരെയെല്ലാം ലക്ഷ്യമിടുമെന്നാണ് യുഎസ് പറയുന്നത്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുകയോ കപ്പലിൽ കടത്തുകയോ ചെയ്യുന്ന രാജ്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിക്കുന്ന രാജ്യങ്ങൾ, വിമാന, കപ്പൽ ഗതാഗതം അനുവദിക്കുന്ന രാജ്യങ്ങൾ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൽ, ടെക്നോളജി, സ്വർണം, വ്യോമയാനം, ഷിപിങ് തുടങ്ങിയ മേഖലകളിലേക്കും ഉപരോധം നീളും.
സ്വർണം കുതിപ്പിൽ തന്നെ
ഇതിനിടയിൽ രാജ്യാന്തര വിപണിയിലെ സ്വർണവില മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യുഎസ് കടപ്പത്രങ്ങൾ തിരികെ വാങ്ങുമെന്ന പ്രഖ്യാപനവും അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതുമാണ് സ്വർണത്തിന് കരുത്താകുന്നത്. ഇന്നലെ ഔൺസിന് 4652 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണവില ഇന്ന് 4700 ഡോളറിലേക്ക് കുതിക്കാനുള്ള ശ്രമത്തിലാണ്. 4696 ഡോളർ വരെ എത്തിയ സ്വർണവില കഴിഞ്ഞ മേയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. 1999നു ശേഷമുള്ള ഏറ്റവും മികച്ച മാസക്കുതിപ്പിലേക്കാണ് സ്വർണം. ഇതുവരെ 15 ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കാൻ സ്വർണത്തിനായി. ഇന്നലെ കേരളത്തിൽ സ്വർണവില പവന് 640 രൂപ വർധിച്ചിരുന്നു. ഇന്നും വില വർധിക്കാനാണ് സാധ്യത.
വിപണിയിലെന്ത്?
രണ്ടു ദിവസത്തെ നേട്ടം മറന്ന ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുഖ്യഓഹരി സൂചികയായ സെൻസെക്സ് 177.70 പോയിന്റ് നഷ്ടത്തിൽ 77,370.13ലെത്തി. നിഫ്റ്റിയാകട്ടെ 32.95 പോയിന്റുകൾ ഇടിഞ്ഞ് 24,219.05ലും ക്ലോസ് ചെയ്തു. ഹെവിവെയ്റ്റ് ഓഹരികളിലുണ്ടായ കടുത്ത വിൽപന സമ്മർദമാണ് സൂചികകൾക്ക് തിരിച്ചടിയായത്.
നേട്ടത്തിൽ തുടങ്ങിയെങ്കിലും ഉച്ചയ്ക്കു ശേഷം ഇന്ത്യൻ സൂചികകൾ നഷ്ടത്തിലേക്ക് മാറി. ക്രൂഡോയിൽ വില ഉയർന്നു നിൽക്കുന്നതും ഇറാനു മേലുള്ള യുഎസിന്റെ സാമ്പത്തിക ഉപരോധ പ്രഖ്യാപനവും നിക്ഷേപകരെ ജാഗ്രതയിലാക്കി.ഏഷ്യൻ വിപണിയിലെ തകർച്ചയും നിക്ഷേപകരെ സ്വാധീനിച്ചു. എന്നാൽ ഐടി, മെറ്റൽ, റിയൽറ്റി പോലുള്ള മേഖലകളിൽ ഓഹരി വാങ്ങൽ നടന്നത് വിപണിയെ വലിയ നഷ്ടത്തിലേക്ക് പോകാതെ രക്ഷിച്ചു.
ഇന്ന് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചന.
യുഎസിൽ വീണ്ടും ടെക് ഭൂതം
ടെക്നോളജി ഓഹരികളിലുണ്ടായ കനത്ത നഷ്ടവും ഇറാനിലെ പുതിയ നീക്കങ്ങളും എസ് ആൻഡ് പി, നാസ്ഡാക് സൂചികകളെ നഷ്ടത്തിലാക്കി. ടെക് മേഖലയിലെ പ്രമുഖ കമ്പനികളായ എൻവിഡിയ, മൈക്രോൺ, ബ്രോഡ്കോം തുടങ്ങിയവ ഇടിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ സെന്ററുകൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന പ്രതിഷേധവും നഷ്ട്ടത്തിന് കാരണമായി. എന്നാൽ ഡോ സൂചിക 140.15 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 0.28 ശതമാനവും നാസ്ഡാക് 0.76 ശതമാനവും നഷ്ടത്തിലായി.
യുഎസ് ഓഹരികളിലുണ്ടായ തകർച്ച ഏഷ്യൻ വിപണികളെയും ബാധിച്ചിട്ടുണ്ട്. എൻവിഡിയ അടക്കമുള്ള കമ്പനികളുടെ പാദഫലങ്ങൾ പുറത്തുവരാൻ ഇരിക്കെ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതും വിപണിക്ക് തിരിച്ചടിയാണ്. ദക്ഷിണ കൊറിയൻ കോസ്പി സൂചിക ഇന്നും രണ്ടു ശതമാനത്തോളം നഷ്ടത്തിലാണ്. ജാപ്പനീസ് നിക്കെയ് സൂചിക 0.5 ശതമാനം ഇടിഞ്ഞു. ഷാൻഹായ്, ഹോങ്കോങ് സൂചികകളും ഇന്ന് ഇടിവിലാണ്.









