കാബൂൾ∙ ശരീരത്തിലേക്ക് പാറക്കല്ലുകൾ വന്ന് പതിക്കുമ്പോൾ സങ്കടവും വേദനയും കാരണം ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു ആ 19 വയസ്സുകാരി. കാലുകൾ പർവതനിരയിൽ കുഴിച്ച കുഴിയിലായതിനാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയാത്ത യുവതിയോട് പ്രാകൃതമായ ശിക്ഷാരീതികൾ നടപ്പാക്കാൻ വന്നവർ തെല്ലും കരുണ കാണിച്ചില്ല. അവരുടെ കൺമുൻപിൽ കല്ലേറുകൊണ്ട് യുവതി തളർന്നുവീണിട്ടും അവർ ആക്രമണം തുടർന്നു. ഒടുവിൽ പ്രാണൻ വെടിഞ്ഞ ആ യുവതി ഏറ്റുവാങ്ങിയ ക്രൂരതയുടെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നിരുന്നു.
അഫ്ഗാനിസ്ഥാനിൽ നടന്ന താലിബാൻ ക്രൂരതയുടെയാണ് ഈ നടുക്കുന്ന ദൃശ്യങ്ങൾ. പരപുരുഷ ബന്ധം ആരോപിച്ച് ഒരു സ്ത്രീയെ ഏതാനും പുരുഷന്മാർ ചേർന്ന് കല്ലെറിയുന്ന 2015ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ടുകൾ. പർവതനിരയിൽ കുഴിച്ച കുഴിയിൽ 19 വയസ്സുകാരിയായ റുക്ഷാന നിർത്തിയ ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. ഈ വിഡിയോ മുൻപ് പുറത്ത് വന്നതാണെങ്കിലും ഇപ്പോൾ രാജ്യാന്തര മേഖലകളിൽ താലിബാൻ ക്രൂരതയുടെ സാക്ഷ്യമായി ഇത് സവിശേഷ ശ്രദ്ധ നേടുന്നുണ്ട്.
നിലത്തു നിന്ന് പാറകൾ പെറുക്കിയെടുക്കുന്ന പുരുഷന്മാർ അത് പരിഭ്രാന്തയായ റുക്ഷാനക്ക് നേർക്ക് എറിയുകയാണ്. കല്ലേറുകൊണ്ട് ഉച്ചത്തിൽ നിലവിളിച്ച് കൊണ്ട് യുവതി വീഴുന്നതും പുറത്തുവന്ന വിഡിയോയിലുണ്ട്. അജ്ഞാതനായ ഒരാൾ ചിത്രീകരിച്ച വിഡിയോയാണിത്.
മുൻപും ക്രൂരമായ ശിക്ഷകൾ നടപ്പാക്കുന്നതിന്റെ പേരിൽ താലിബാനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഘോർ പ്രവിശ്യയിലെ അന്നത്തെ ഗവർണർ സീമ ജോയെൻഡ റുക്ഷാനയുടെ കൊലപാതകത്തെ അക്കാലത്ത് മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ സർക്കാർ ഇത് അനുവദിക്കുന്നത് ക്രൂരമാണെന്ന് അഫ്ഗാൻ യുവതിയും വനിതാ ആക്ടിവിസ്റ്റുമായ മറിയം മുഹമ്മദി അഭിപ്രായപ്പെട്ടു.
∙ നിർബന്ധിത വിവാഹവും ഒളിച്ചോട്ടവും
13–ാം വയസ്സിലാണ് റുക്ഷാനയുടെ മാതാപിതാക്കൾ വൃദ്ധനായ ഒരാൾക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചത്. വിവാഹത്തിന് റുക്ഷാന സമ്മതിച്ചില്ല. വർഷങ്ങൾക്ക് ശേഷം, റുക്ഷാന കുട്ടിക്കാലം മുതൽ പ്രണയിച്ചിരുന്ന മുഹമ്മദ് ഗുലിനൊപ്പം ഒളിച്ചോടി. ഇരുവരും അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലെ സാഗർ ജില്ലയിലേക്കാണ് പോയത്. പക്ഷേ വിവരം അറിഞ്ഞ സുരക്ഷാ സേന റുക്ഷാനയെ പിടികൂടി പിതാവിന് കൈമാറി. ഇതോടെ റുക്ഷാനയെ നിർബന്ധപൂർവം വൃദ്ധന് വിവാഹം ചെയ്ത് നൽകി. വീണ്ടും റുക്ഷാന മുഹമ്മദ് ഗുലിനൊപ്പം ഒളിച്ചോടി.
ഇരുവരെയും മുർഗാബ് ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഒരു പ്രാദേശിക താലിബാൻ കമാൻഡർ തടഞ്ഞു. വിവാഹത്തിനുമുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് റുക്ഷാനയെ താലിബാൻ അറസ്റ്റ് ചെയ്തു. യുവതിയുടെ മോചനത്തിന് 57,000 പൗണ്ടിന് തുല്യമായ പണം വേണമെന്നാണ് പിതാവിനോട് താലിബാൻ ആവശ്യപ്പെട്ടത്. കുടുംബത്തിന് മോചനദ്രവ്യം താങ്ങാനാകാത്തതിനാൽ, ഒരു താലിബാൻ പുരോഹിതൻ റുക്ഷാനയെ കല്ലെറിയാൻ ഉത്തരവിട്ടു. ഇതേത്തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.






