ഷാർജ∙ ദുബായ്-ഷാർജ അതിർത്തിയിൽ ഇത്തിഹാദ് റോഡിലെ പ്രധാന അടയാളമായ അൻസാർ മാൾ ചരിത്രത്തിലേക്ക് വഴിമാറുന്നു. 23 വർഷം നീണ്ട സേവനത്തിന് ശേഷമാണ് ഷാർജയിലെ പ്രശസ്തമായ അൻസാർ മാളും ദുബായിലെ ദെയ്റ, കരാമ എന്നിവിടങ്ങളിലെ അൻസാർ ഗാലറികളും പ്രവർത്തനം അവസാനിപ്പിക്കുന്നത്. കൂടുതൽ സാധ്യതകളുള്ള പുതിയ കേന്ദ്രങ്ങളിലേക്ക് ഘട്ടംഘട്ടമായി കടകൾ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ ശാഖകൾ ഷെയ്ഖ് സായിദ് റോഡ്, അൽ ബർഷ, അബുദാബി, അൽ ഐൻ തുടങ്ങിയ പ്രധാന മേഖലകളിൽ ഉടൻ ആരംഭിക്കുമെന്ന് അൻസാർ മാൾ മാർക്കറ്റിങ് മാനേജർ ഹസൻ ഷാ അറിയിച്ചു.
പാരമ്പര്യവും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭിച്ചിരുന്ന ഇടവുമെന്ന നിലയിൽ പതിറ്റാണ്ടുകളായി പ്രവാസികളുടെ ജീവിതത്തോട് ചേർന്നുനിന്ന കേന്ദ്രങ്ങളായിരുന്നു ഇവ. അൻസാർ മാൾ പിന്നിട്ടോ എന്നും അൻസാർമാളിന് അടുത്തുണ്ട് എന്നുമൊക്കെ മലയാളികളുടേതടക്കം പ്രവാസികളുടെ ഷാർജയിൽ നിന്ന് ദുബായിലേയ്ക്കുള്ള യാത്രാവേളകളിലെ പതിവ് സംഭാഷണങ്ങളാണ്.
∙ വലിയ വിലക്കിഴിവിൽ തിരക്കേറി പ്രവാസികൾ, അബുദാബിയിൽ പുതിയ സംരംഭം
പൂട്ടിയിടുന്നതിന് മുന്നോടിയായി വലിയ വിലക്കിഴിവാണ് മാളുകളിൽ ഒരുക്കിയിരിക്കുന്നത്. 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്. ഷാർജയിലും ദുബായിലും വളർന്നുവന്ന പ്രവാസി തലമുറയ്ക്ക് അൻസാർ മാൾ കേവലം ഒരു വ്യാപാരകേന്ദ്രം മാത്രമായിരുന്നില്ല; കുടുംബത്തോടൊപ്പമുള്ള വാരാന്ത്യ ആഘോഷങ്ങളുടെയും ഓർമകളുടെയും കേന്ദ്രം കൂടിയായിരുന്നു.
സഫീർ മാൾ പൂട്ടിയതിന് പിന്നാലെ അൻസാർ മാൾ കൂടി അടച്ചുപൂട്ടുന്നത് വലിയ സങ്കടത്തോടെയാണ് പ്രവാസികൾ നോക്കിക്കാണുന്നത്. 2003-ൽ ഷാർജയിലാണ് അൻസാർ ഗ്രൂപ്പ് യുഎഇയിൽ ആദ്യമായി മാൾ ആരംഭിക്കുന്നത്. തുടർന്ന് 2012-ൽ ദൈറയിലും 2013-ൽ കരാമയിലും ഗാലറികൾ തുറന്നു.അതിനിടെ അൻസാർ ഗ്രൂപ്പ് അബുദാബിയിലെ അൽ ശാഖയിൽ പുതിയ കാർപെറ്റ് ഷോറൂം ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. തുർക്കി, ഇറ്റലി, ബെൽജിയം, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക കാർപെറ്റുകളുടെ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്. 1987ൽ പ്രവർത്തനം ആരംഭിച്ച അൻസാർ ഗ്രൂപ്പിന് യുഎഇയ്ക്ക് പുറമെ ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും മാളുകളും റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുമുണ്ട്.








