Headlines

‘ഒരു സംശയവുമില്ല’, പ്രതിപക്ഷ ഉപനേതാവ് പദം സിപിഎം നേതാവിനെന്ന് പിണറായി; പദവിക്ക് നിരക്കാത്ത പ്രസ്താവനയെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽഡിഎഫിൽ സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് താൻ ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറാ‌യി വിജയൻ പറഞ്ഞതാണ് സിപിഐയെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ പിണറായിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം.
പ്രതിപക്ഷ ഉപനേതാവ് ആരെന്നത് സംബന്ധിച്ച ആ കത്ത് താനാണ് എഴുതി കൊടുക്കേണ്ടതെന്നും കത്ത് കൊടുത്താൽ ഉപനേതാവ് വരും എന്നുമായിരുന്നു പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കത്തിലെ പേര് സിപിഐ നേതാവിന്റെതാകുമോ അതോ സിപിഎം നേതാവിന്റെതാകുമോ എന്ന് ഈ ഘട്ടത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചു. അതിൽ ഒരു സംശയവുമില്ല. സിപിഎം നേതാവിന്റെ പേരായിരിക്കും എന്നായിരുന്നു പിണറായി മറുപടി നൽകി. ഇപ്രകാരമൊരു രീതിയിൽ സഖാവ് പിണറായി വിജയൻ സംസാരിക്കുമെന്ന വിശ്വസിക്കാൻ തനിക്ക് പ്രയാസമുണ്ടെന്നായിരുന്നു തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം പറഞ്ഞത്. അഥവ അദ്ദേഹം പറഞ്ഞെങ്കിൽ അദ്ദേഹം വഹിക്കുന്ന പദവിക്കോ അല്ലെങ്കിൽ രാഷ്ട്രീയ പക്വതയ്ക്കോ നിരക്കുന്ന പ്രസ്താവന അല്ല അതെന്നും ബിനോയ് വിശ്വം പറഞ്ഞു. തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെയാണ്. അത് അല്ലാതെ അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ എൽഡിഎഫിന്റെ സംസ്കാരത്തിനു നിരക്കാത്ത പ്രസ്താവനയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.