കോഴിക്കോട് ∙ വേഗത്തിലുള്ളതും കാര്യക്ഷമവുമായ മെഡിക്കൽ ഇമേജ് വിശകലനത്തിനായി എഐ സൗകര്യമുള്ള സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം വികസിപ്പിച്ച് എൻ.ഐ.ടി കാലിക്കറ്റ് ഗവേഷകർ. പരമ്പരാഗത മൈക്രോസ്കോപ്പുകളെ നിർമിത ബുദ്ധി (AI) സഹായത്തോടെ കൂടുതൽ സമർത്ഥനാക്കുന്ന പുതിയ സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്ത് പരിശോധനയിൽ ശ്രദ്ധിക്കേണ്ട കോശങ്ങളെയും അതിലുള്ള ന്വുനതകളെയും മറ്റ് പ്രധാന സവിശേഷതകളെയും കണ്ടെത്തി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനത്തിന് കഴിയും. ദീർഘനേരം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരുന്നതുമൂലമുള്ള കണ്ണിന്റെ ആയാസവും ജോലിഭാരവും കുറയ്ക്കുന്നതിനൊപ്പം, പരിശോധന കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ ഡോക്ടർമാരെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിലവിലുള്ള മൈക്രോസ്കോപ്പുകളോടൊപ്പം ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്റർനെറ്റിനെയോ ക്ലൗഡ് സംവിധാനങ്ങളെയോ ആശ്രയിക്കാതെ, എഐ വിശകലനം ഉപകരണത്തിൽ തന്നെ നടത്താൻ കഴിയുന്ന രീതിയിലുള്ള തുടക്കം മുതൽ അവസാനം വരെയുള്ള End-to-End ഉപകരണം ആയിട്ടാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അതിനാൽ വലിയ ലബോറട്ടറികൾക്കു പുറമെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികളിലും ഈ സംവിധാനം പരിശോധനകൾക്കായി പ്രയോജനപ്പെടുത്താൻ കഴിയും.
ആദ്യഘട്ടത്തിൽ മൂത്ര പരിശോധനയ്ക്കായി (മൂത്രാശയ കാൻസർ ഉണ്ടോ എന്നറിയാൻ) വികസിപ്പിച്ച ഈ സാങ്കേതികവിദ്യ, ഭാവിയിൽ മറ്റ് സൈറ്റോളജി, പാത്തോളജി (രക്തപഠനം, കരൾ പ്രവർത്തനങ്ങൾ മുതലായ) പരിശോധനകളിലേക്കും വിപുലീകരിക്കാൻ കഴിയും. എൻജിനീയറിങ്ങും വൈദ്യശാസ്ത്രവും നിർമിതബുദ്ധി എന്ന സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ ഉപകരണം രോഗനിർണയത്തിനു ഡോക്ടർമാർക്ക് സഹായകമായ ഒരു പുതിയ സാങ്കേതിക മുന്നേറ്റമാണ്.
എൻ ഐ ടി ലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപകരും, പിഎച്ച്ഡി സ്റ്റുഡന്റ് ഉം, കോഴിക്കോട് മെഡിക്കൽ കോളേജിലെയും കെഎംസിടി മെഡിക്കൽ കോളേജിലെ പത്തോളോജി ഡോക്ടർമാരുടെയും സഹായത്തോടുകൂടി നിർമ്മിച്ചതാണ് ഈ നിർമിതബുദ്ധി നിയന്ത്രിത മൈക്രോസ്കോപ്പ്.
ഈ ഉൽപ്പന്നം എൻഐടി കാലിക്കട്ടിൽ ഇൻക്യൂബേറ്റ് ചെയ്തിട്ടുള്ള ഹീൽഫോർജ് എ ഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന വിപണനം ചെയ്യുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യാനാണ് പദ്ധതിയിടുന്നത്. വികസിപ്പിച്ച സാങ്കേതികവിദ്യയെ ക്ലിനിക്കൽ, ലബോറട്ടറി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന നിർമിതബുദ്ധി നിയന്ത്രിത മൈക്രോസ്കോപ്പ് നെ വിപണിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഈ കണ്ടുപിടിത്തത്തിനായുള്ള ധനസഹായം ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള Scheme for Promotion of Academic and Research Collaboration (SPARC) പദ്ധതിയിലൂടെയാണ് ലഭിച്ചത്.
കണ്ടുപിടിച്ചവരുടെ പേരും വിലാസവും
1. ആരതി മേനോൻ, ഗവേഷക വിദ്യാർത്ഥിനി, കമ്പ്യൂട്ടർ സയൻസ്, എൻഐടി
2. ഡോ: ജയരാജ് പി ബി, അസോസിയേറ്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ്, എൻഐടി
3. ഡോ: പൗർണമി പി ൻ, അസോസിയേറ്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ്, എൻഐടി
4. ഡോ: സിമി, എസ്, അസിസ്റ്റന്റ് പ്രൊഫസർ, പത്തോളോജി ജിഎംസി കാലിക്കറ്റ്
5. ഡോ: സ്വാതി ശങ്കർ, അസിസ്റ്റന്റ് പ്രൊഫസർ, പത്തോളോജി കെഎംസിടി എംസി കാലിക്കറ്റ്







