Headlines

ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനം; ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യു എസ് ട്രഷറി വകുപ്പ്. അമേരിക്കന്‍ നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോടും അഭ്യര്‍ഥിച്ചു.

ഇറാനെതിരെയുള്ള പുതിയ നടപടികളുടെ ഭാഗമായാണ് ഹിസ്ബുല്ലയ്ക്ക് മേല്‍ അമേരിക്ക് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലബനനിലെ ഇറാന്‍ അനുകൂല പ്രസ്ഥാനമായ ഹിസ്ബുല്ലയെ ആഗോള ഭീകര പ്രസ്ഥാനമായി യുഎസ് ട്രഷറി വകുപ്പ് പുനര്‍നാമകരണം ചെയ്തു. ഇറാനെതിരെയുള്ള സാമ്പത്തിക നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അഭ്യര്‍ഥിച്ചത്. എന്നാല്‍, ട്രംപ് ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തികയുദ്ധം അമേരിക്കയെ വീണ്ടും തോല്‍വിയിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി തിരിച്ചടിച്ചു.

അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കില്‍ 1,200 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. പദ്ധതിയില്‍ നിന്നും ഇസ്രയേല്‍ ഉടനടി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ഇ- വണ്‍ പ്രദേശത്തെ ഇസ്രയേലി കുടിയേറ്റം പ്രദേശത്തെ രണ്ടായി വിഭജിക്കുമെന്നും കിഴക്കന്‍ ജറുസലേമിനെ ഒറ്റപ്പെടുത്തുമെന്നും, ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന് തിരിച്ചടിയാകുമെന്നുമാണ് പലസ്തീന്‍ പറയുന്നത്.