Headlines

ജെപിഎസ്‌സി, ജെഎസ്‌എസ്‌സി പരീക്ഷ റദ്ദാക്കൽ: സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

ന്യൂഡൽഹി ∙ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (ജെപിഎസ്‌സി), ജാർഖണ്ഡ് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (ജെഎസ്‌എസ്‌സി) പരീക്ഷകൾ വഴി നിയമനം ലഭിച്ച സർക്കാർ ജീവനക്കാരുടെ നിയമനങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജെപിഎസ്‌സി, ജെഎസ്‌സിസി എന്നിവയിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ 22 പരീക്ഷകൾ റദ്ദാക്കിയത്. തീരുമാനം തിരിച്ചടിയായ ഉദ്യോഗാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.പരാതി ഉയർന്ന എല്ലാ വിവാദ പരീക്ഷകളും റദ്ദാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവാദ ഏജൻസിയായ ടിഎസ്ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് 2014 മുതൽ നടത്തിയ എല്ലാ പരീക്ഷകളും പരിശോധിക്കാനും തീരുമാനിച്ചിരുന്നു. പരീക്ഷാ പരിഷ്കരണത്തിന് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശൽ അധ്യക്ഷനായി സമിതിയെയും പ്രഖ്യാപിച്ചു.എന്നാൽ‌, ജാർഖണ്ഡ് സർക്കാരിനെ കാത്തിരിക്കുന്നത് പുതിയ പ്രതിസന്ധിയാണ്. സമരക്കാരുടെ ആവശ്യപ്രകാരം സംസ്ഥാനത്തു നേരത്തേ നടന്ന പല പരീക്ഷകളും റദ്ദാക്കപ്പെടുന്നതോടെ 2000ൽപരം ജീവനക്കാരുടെ ജോലിയും തുലാസിലാണ്. ഒരുവിഭാഗം ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജെഎസ്എസ്എസി–കോമൺ ഗ്രാജ്വേറ്റ് ലവൽ (സിജിഎൽ) പരീക്ഷയും ടിഎസ്ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് നേരത്തേ നടത്തിയ പരീക്ഷകളും റദ്ദാക്കുമെന്നാണു മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചത്. ഇതോടെ ഈ പരീക്ഷകളെഴുതി ജോലി നേടിയവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്.