Headlines

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: വീണ ടിയുടെ വിദേശ പണമിടപാടില്‍ വിശദമായ അന്വേഷണത്തിന് ഇഡി

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണടിയെ വീണ്ടും വിളിപ്പിക്കും.

മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ടത്. വീണ ടിയുടെ ഡയറിയിലെ കൈയ്യെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തല്‍. വരുമാനത്തില്‍ അധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്റര്‍നെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്. ഡയറില്‍ നിന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ റെയ്ഡില്‍ ഇലട്രോണിക് ഉപകരണങ്ങളും രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ചതില്‍ അധികം തുകയുടെ ഇടപാടുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിനിടെ വീണടിയുടെ പങ്കാളിത്ത സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി.

കഴിഞ്ഞ ദിവസം നടന്ന എട്ട് ഇടങ്ങളിലെ പരിശോധനയില്‍ നിന്ന് വിദേശത്തേയ്ക്ക് പണം അയച്ചെന്ന കാര്യം ഇഡിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് 27നും ഇന്നലെയും നടന്ന പരിശോധനയിലെ വിവരങ്ങളില്‍ നിന്നാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. നിലവിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീണയുമായി ബന്ധപ്പെട്ടവരെ അടുത്തദിവസങ്ങളില്‍ ഇഡി വീണ്ടും ചോദ്യം ചെയ്യും.