Headlines

പന്തീരങ്കാവ് എംഡിഎംഎ കേസ്; നൈജീരിയ ലഹരി മാഫിയ സംഘ തലവനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ എക്‌സൈസ്

കോഴിക്കോട്: പന്തീരങ്കാവ് എംഡിഎംഎ കേസില്‍ നൈജീരിയ ലഹരി മാഫിയ സംഘ തലവനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ എക്‌സൈസ്. വന്‍അന്താരാഷ്ട്ര ലഹരി മാഫിയ ശൃംഖലയാണ് കോഴിക്കോട് എക്‌സൈസ് കണ്ടെത്തിയത്. എംഡിഎംഎ കേസില്‍ ഏഴ് പേര്‍ പിടിയിലായി.

പന്തീരാങ്കാവില്‍ നിന്ന് 3 കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്തത് ഏപ്രില്‍ നാലിനാണ്. അന്ന് രണ്ട് പേരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും കൂട്ടാളിയുമായിരുന്നു പിടിയിലായത്. അടിവാരം സ്വദേശിനി ഫാത്തിമ സസ്‌റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഇതിന്റെ അന്വേഷണമാണ് എക്‌സൈസിന്റെ പ്രത്യേക അന്വേഷണം സംഘം നടത്തിയിരുന്നത്. അന്വേഷണം നൈജീരിയയില്‍ വരെ എത്തി. ഡല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരാളാണ് കേരളത്തിലേക്ക് എംഡിഎംഎ ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ കേസിലാണ് മറ്റ് ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തത്. ഉമര്‍ ഫാറുഖ്, മുസ്തഫ, ഹക്കിം, ആരോമല്‍, ഇമാനുവല്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.

കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു അന്ന് എംഡിഎംഎ കണ്ടെത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടിയില്‍ അധികം രൂപ ഇതിന് വില വരും.