മെസിയുടെ കേരളാ സന്ദര്‍ശന വിഷയത്തില്‍ അന്വേഷണം നടത്തുന്നതില്‍ ഉടന്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും മറ്റ് അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുക. ജിഎസ്ടി വകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയായി. തീരുമാനം ഉടനുണ്ടാകും. എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് റെക്കമെന്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുക്കും. വിഷയത്തില്‍ ജിഎസ്ടി വകുപ്പ് അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫ് ഗവണ്മെന്റ് തന്നെ കണ്ടുപിടിച്ചതാണ്. നോട്ടീസ് കൊടുത്തുവെങ്കിലും പിന്നീട് മരവിപ്പിച്ചു. മരവിപ്പിക്കപ്പെടാനുള്ള കാരണത്തെ കൂടി അന്വേഷണ സംഘം അന്വേഷിക്കും. കാരണം, സര്‍ക്കാരിന് 22 കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്. കായിക വകുപ്പ് തന്ന റിപ്പോര്ട്ടിന്മേല് പരിശോധന പൂര്‍ത്തിയായി. തീരുമാനം പെട്ടന്ന് തന്നെ പ്രഖ്യാപിക്കും – മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, പോസ്റ്റുകള്‍ നീക്കാന്‍ സര്‍ക്കാര്‍ മെറ്റയ്ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരിന് മെറ്റ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഒരു വിശദീകരണവും ചോദിച്ചിട്ടുമില്ല. പോസ്റ്റ് നീക്കം ചെയ്യല്‍ രാജ്യത്തെമ്പാടും നടക്കുന്നുണ്ട്. മെറ്റ പറഞ്ഞത് ഓരോരുത്തരും അവരുടെതായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
വിഴിഞ്ഞത്തെ ഉദ്ഘാടന പരിപാടിയില്‍ കേന്ദ്രമന്ത്രി വരാതിരുന്നത് ഔദ്യോഗിക തിരക്ക് കാരണമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. അക്കാര്യം അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അവരോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന് പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അതൃപ്തി നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ടെന്നും അതില്‍ മറുപടിയായി ക്ഷമ ചോദിച്ചുകൊണ്ട് കത്തും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.






