മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി ∙ മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജനട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രായമേറുന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് മുതിർന്നപൗരർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള 2007ലെ നിയമമെന്നും ജഡ്ജിമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഉചിതവും അനിവാര്യവുമെങ്കിൽ ഒഴിപ്പിക്കൽ ഉത്തരവു പുറപ്പെടുവിക്കാൻ ട്രൈബ്യൂണലുകൾക്കു കഴിയും. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും ബെഞ്ച് നിരീക്ഷിച്ചു. ‍

എന്താണ് കേസ് ?

ഉത്തർപ്രദേശിലെ ലക്നൗ വികാസ് നഗറിൽ എൺപത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാൻ രവികാന്ത് ഗുപ്ത എന്നയാൾ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണിത്. രവികാന്തിന്റെ മകനും മരുമകളും മുത്തശ്ശിയെ (രവികാന്തിന്റെ അമ്മ) വൃദ്ധസദനത്തിലാക്കി. താൻ സമ്പാദിച്ച വീട്ടിൽ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെ സമീപിച്ചു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, അപ്പീൽ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കി. രവികാന്തിന്റെ പുനഃപരിശോധന ഹർജി കൊണ്ടും കാര്യമുണ്ടായില്ല. തുടർന്നാണു കേസ് സുപ്രീം കോടതിയിലെത്തിയത്.

സഹായം തൊട്ടടുത്ത്
മുതിർന്ന പൗരർക്കായി കേരളത്തിൽ ഓരോ റവന്യു ഡിവിഷനിലും മെയിന്റനൻസ് ട്രൈബ്യൂണലും ജില്ലയിൽ അപ്പലറ്റ് ട്രൈബ്യൂണലും ഉണ്ട്. ജില്ലാ കലക്ടറാണ് അപ്പലറ്റ് ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫിസർ. അടിയന്തര സ ാഹചര്യങ്ങളിൽ പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും സാമൂഹിക നീതി വകുപ്പിനെയും സമീപിക്കാം.

മുതിർന്നവർക്കു നൽകുന്ന അന്തസ്സിലും ബഹുമാനത്തിലും സുരക്ഷയിലുമാണ് പരിഷ്കൃത സമൂഹത്തിന്റെ അളവുകോൽ എന്നു സുപ്രിം കോടതി പറഞ്ഞു. മുതിർന്നവരെ ആശ്രിതരായി മാത്രമല്ല നാം കണക്കാക്കുന്നത്. ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഓർമകളുടെയും കലവറകളാണ് അവർ. 2007ലെ നിയമത്തിലെ വ്യവസ്ഥകൾ അമ്മയെയും അച്ഛനെയും ദൈവികമായി കണ്ടു വണങ്ങുന്ന നമ്മുടെ രാജ്യത്തെ ധാർമിക മൂല്യത്തിൽ അധിഷ്ഠിതമാണെന്നും ചൂണ്ടിക്കാട്ടി.