ന്യൂഡൽഹി ∙ ബിജെപി ദേശീയ നേതൃത്വത്തിലെ അഴിച്ചുപണിക്കൊപ്പം സമൂഹമാധ്യമ ടീമിലും മാറ്റം. ദീപക് മസ്കെയാണ് പുതിയ സമൂഹമാധ്യമ കൺവീനർ. പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവരാണ് സഹകൺവീനർമാർ. ദീർഘകാലമായി ബിജെപിയുടെ ഐടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന അമിത് മാളവ്യയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, എക്സിലെ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ‘ബിജെപിയുടെ ദേശീയ വിവരസാങ്കേതികവിദ്യ വിഭാഗത്തിന്റെ ചുമതലക്കാരൻ’ എന്ന നിലവിലെ പദവി ഇപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയ തന്ത്രങ്ങളുടെ ചുമതലയുള്ള മീഡിയ കോർഡിനേറ്ററായി അനിൽ ബാലുനിയെ നിയമിച്ചു. ആശിഷ് ഉഷ അഗർവാൾ, പ്രദീപ് ഭണ്ഡാരി, സിദ്ധാർത്ഥ് യാദവ് എന്നിവരാണ് സഹ കോർഡിനേറ്റർമാർ.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ കീഴിൽ പുതിയ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ പോസ്റ്റിലൂടെ പുതുതായി നിയമിക്കപ്പെട്ടവരെ അഭിനന്ദിച്ചു. ‘പുതുതായി നിയമിതരായ ഈ ടീം സംഘടനാപരമായ അനുഭവസമ്പത്തും ഊർജവും താഴേത്തലത്തിലുള്ള ബന്ധങ്ങളും ഒരുമിപ്പിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പൊതുജന സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അവർ തങ്ങളാൽ കഴിയുന്ന മികച്ചത് നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് എന്റെ എല്ലാ ആശംസകളും’ – പ്രധാനമന്ത്രി മോദി കുറിച്ചു.
ബിജെപി സോഷ്യൽ മീഡിയ ടീമിലും അഴിച്ചുപണി; ദീപക് മസ്കെ പുതിയ കൺവീനർ; അമിത് മാളവ്യ പുറത്ത്?






