ഡബ്ലിൻ∙ വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് എത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. ഡോ. മുഹമ്മദ് ഇഖ്ബാലിന് (64) 18 മാസം തടവ് ശിക്ഷയാണ് ന്യൂകാസിൽ ക്രൗൺ കോടതി വിധിച്ചിരിക്കുന്നത്. ന്യൂകാസിൽ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ വച്ചാണ് പരുക്കേറ്റ സ്ത്രീകളോട് പ്രതി അപമര്യാദയായി പെരുമാറിയത്. പ്രതി കേസിൽ കുറ്റം നിഷേധിച്ചു.കൗണ്ടി ഡർഹാമിൽ നടന്ന ആദ്യത്തെ സംഭവത്തിൽ വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീയോട് ഡോ. മുഹമ്മദ് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അനാവശ്യമായി രോഗിയുടെ മാറിടത്തിൽ സ്പർശിക്കുകയായിരുന്നു. ഏതാനും ആഴ്‌ചകൾക്കുശേഷം, സണ്ടർലാൻഡിലാണ് രണ്ടാമത്തെ സംഭവം നടന്നത്. മറ്റൊരു സ്ത്രീയോട് ഡോക്ടർ മേൽവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് രോഗിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.വാഹനാപകടങ്ങളെത്തുടർന്നുള്ള ശാരീരികമായ പരുക്കുകൾ വിലയിരുത്താനാണ് സ്ത്രീകൾ പ്രതിയുടെ ക്ലിനിക്കിലെത്തിയിരുന്നത്. ഇൻഷുറൻസ് കമ്പനികൾ നിശ്ചയിച്ച ഡോക്ടറായിരുന്നതിനാൽ ക്ലെയിമുകൾ ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശോധനയ്ക്കാണ് സ്ത്രീകൾ ഇവിടെയത്തിയത്. അതിജീവിതകളിലൊരാൾക്ക് വാഹനാപകടത്തിൽ കാര്യമായ ശാരീരിക പരുക്കുകൾ ഏറ്റിരുന്നു.
അപകടം കാരണം ശാരീരികമായും മാനസികവുമായി തളർന്നവരുടെ ദുർബലതയെക്കുറിച്ച് അറിഞ്ഞുകൊണ്ടാണ് പ്രതി രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ജഡ്ജി ബിൻഡ്ലോസ് പറഞ്ഞു. ഇനി ഒരിക്കലും ഒരു ഡോക്ടറായി പ്രവർത്തിക്കില്ലെന്ന് പ്രതി സമ്മതിച്ചു. അത് പ്രതിയുടെ പ്രവൃത്തികളുടെ ഫലമാണ്. സൽപേര് നഷ്ടപ്പെട്ട പ്രതി സ്വന്തം വരുമാനം ഇല്ലാതാക്കി. ഭാര്യയ്ക്ക് വരുമാനവുമില്ലാത്തതിനാൽ കുടുംബത്തെ പോലും തകർച്ചയിലേക്ക് തള്ളിവിട്ടതായും ജഡ്ജി വിലയിരുത്തി.






