Headlines

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ്: കുറ്റപത്രം സമർപ്പിക്കാൻ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എസ്ഐടി

കൊച്ചി ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളില്‍ എട്ടെണ്ണത്തിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയിയില്‍. പുൽപ്പള്ളി, മാനന്തവാടി കേസുകളിലടക്കം പ്രതികളുടെ ഇടപെടൽ വ്യക്തമായി കണ്ടെത്തിയിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. തുടർന്ന് പ്രോസിക്യൂഷന്‍ അനുമതിക്കായി സമർപ്പിച്ച അപേക്ഷകൾ എത്രയും വേഗം പരിഗണിക്കാന്‍ പിന്നോക്ക ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ജസ്റ്റിസ് എ.ബദറുദീൻ നിര്‍ദേശം നല്‍കി.വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയെന്നും ഏത് കേസില്‍ എവിടെയൊക്കെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം ഫയല്‍ ചെയ്തെന്നും പ്രോസിക്യൂഷന്‍ അനുമതി എത്ര കേസുകളില്‍ തേടിയെന്നടക്കം കൃത്യമായി എഴുതി നൽകാൻ കേസ് രാവിലെ പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം വിശദീകരണം നൽകി. നിലവിൽ ഒരു കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച 17 അന്തിമ റിപ്പോർട്ടുകളിൽ ആറെണ്ണം മാത്രമാണ് കോടതി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എഫ്ഐആർ നമ്പറടക്കമില്ലാതെ കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് അപൂർണമാണെന്ന് കോടതി വിമർശിച്ചു. 2016ൽ വിജിലൻസ് അന്വേഷണം ആരംഭിച്ച മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് നീണ്ടുപോയതിനെ തുടർന്ന് 2024ൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു