4 സെക്കൻഡ് നേരം സർവ നിയന്ത്രണങ്ങളും നഷ്ടമായി; പൈലറ്റിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല: പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി∙ പറക്കുന്നതിനിടെ 300 അടി താഴ്ചയിലേക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിന് നാല് സെക്കൻഡ് നേരത്തേയ്ക്ക് സർവ നിയന്ത്രണങ്ങളും നഷ്ടമായെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തൽ. വിമാനത്തിന്റെ എലിവേറ്ററുകളും എയർലോണുകളും പ്രവർത്തനരഹിതമായെന്നാണ് കണ്ടെത്തൽ. ഉയർച്ച-താഴ്ചകൾ നിയന്ത്രിക്കുന്ന എലിവേറ്ററുകളും ഇടത്-വലത് സഞ്ചാരങ്ങൾ നിയന്ത്രിക്കുന്ന എയിലറോണുകളുടെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടത്.കൂടാതെ വിമാനത്തിലെ 3 ഹൈഡ്രോളിക് സംവിധാനവും തകരാറിലായെന്നും അതുകൊണ്ട് വിമാനത്തിന്റെ നിയന്ത്രണങ്ങൾ താൽക്കാലികമായി നഷ്ടപ്പെട്ടെന്നും ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ (DFDR) വിശകലനം ചെയ്തപ്പോൾ കണ്ടെത്തി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം രാവിലെ 9:32:44 നും 9:32:51 നും ഇടയിലുള്ള ഏഴ് സെക്കൻഡ് നേരത്തോളം തകരാറിലായിരുന്നു. ഈ സമയം ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും വിമാനത്തിന്റെ മുൻഭാഗം മുകളിലേക്ക് ഉയരുകയും ചെയ്തു. സെക്കൻഡുകൾക്കുള്ളിൽ ഹൈഡ്രോളിക് സംവിധാനം പ്രവർത്തനക്ഷമമായി. ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാകുന്നത് വരെ കോ–പൈലറ്റിന്‍റെ നിയന്ത്രണം ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഈ മാസം നാലിനാണ് തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്കു മുകളിൽവച്ച് 300 അടിയിലേക്കു താഴ്ന്നത്. 4 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. വിമാനം ആകാശച്ചുഴിയിൽപെട്ടു എന്നായിരുന്നു ആദ്യവിവരം, അതിനു പിന്നാലെയാണ് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്നും വിമാനത്തിൽ അസ്വാഭാവികമായി പെരുമാറിയിരുന്നെന്നുമുള്ള വിവരം പുറത്തുവന്നത്. തുടർന്നു നടത്തിയ രണ്ടു വൈദ്യപരിശോധനകളിലും പൈലറ്റിന്റെ ശരീരത്തിൽനിന്നെടുത്ത സാംപിളിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടു ഡ്യൂട്ടികൾക്കിടെ തനിക്ക് ആവശ്യത്തിനു വിശ്രമസമയം കിട്ടിയില്ലെന്നും പൈലറ്റ് പറഞ്ഞിരുന്നു.