ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളെ നയിക്കുന്ന ‘ഹോൾഡിങ് കമ്പനി’യായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച എൻ. ചന്ദ്രശേഖരന്റെ പകരക്കാരനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചുവേണം അടുത്ത ചെയർമാനെ കണ്ടെത്തേണ്ടത്.
പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ആർട്ടിക്കിൾ 121 പ്രകാരം ടാറ്റാ സൺസ് ബോർഡിന് കഴിയും. 5 അംഗങ്ങളാണ് പാനലിൽ ഉണ്ടാകേണ്ടത്. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കും. ഒരാളെ ടാറ്റ സൺസ് ബോർഡും. ഒരാൾ ടാറ്റ സൺസ് ബോർഡ് നിർദേശിക്കുന്ന സ്വതന്ത്ര അംഗവുമായിരിക്കും. പാനലിന്റെ ചെയർപേഴ്സണെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കുന്ന 3 അംഗങ്ങളിൽ നിന്ന് കണ്ടെത്തും. പാനൽ അംഗങ്ങളെ നിർദേശിക്കുന്ന നടപടിയിലേക്ക് സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് കടന്നു.
നോയൽ ടാറ്റയ്ക്ക് നിയമത്തടസ്സം
ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ നിലവിലെ ചട്ടപ്രകാരം കഴിയില്ല. അതുകൊണ്ട്, മറ്റൊരാളെതന്നെ കണ്ടെത്തുകയെന്ന ദൗത്യമാണ് ഇപ്പോൾ ടാറ്റാ സൺസിന് മുന്നിലുള്ളത്. നേരത്തേ രത്തൻ ടാറ്റ ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായിരിക്കേതന്നെ ടാറ്റാ സൺസിന്റെയും ചെയർമാൻ പദവി വഹിച്ചിരുന്നു 2022ൽ ടാറ്റാ സൺസ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതുപ്രകാരം ഇരുപദവികളും ഒരേസമയം വഹിക്കാനാവില്ല. സൈറസ് മിസ്ത്രിയും എൻ. ചന്ദ്രശേഖരനും ടാറ്റാ സൺസ് ചെയർമാൻ പദവി മാത്രമാണ് വഹിച്ചിട്ടുള്ളത്.ആരാകും അടുത്ത ചെയർമാൻ?
ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ടി.വി.നരേന്ദ്രനാണ് സാധ്യത കൽപിക്കുന്നത്. 1980കൾ മുതൽ ടാറ്റാ ഗ്രൂപ്പിലെ നിർണായക സാന്നിധ്യമാണ് മലയാളി കൂടിയായ ടി.വി.നരേന്ദ്രൻ. ടാറ്റാ സ്റ്റീലിന്റെയും ടാറ്റാ ഇന്റർനാഷനലിന്റെയും ഡയറക്ടറാണ് നരേന്ദ്രൻ. ടാറ്റാ സ്റ്റീൽ യൂറോപ്പ് ചെയർമാൻ പദവിയും വഹിക്കുന്നു. 2021, 2022 വർഷങ്ങളിൽ കോൺഫെഡറേഷൻ ഓപ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ചെയർമാനായിരുന്നു. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ്.എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് നരേന്ദ്രന്റെ തറവാട്. സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനാണ്. ചെയർമാൻ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്ന മറ്റൊരാൾ ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്രയാണ്. 1995 മുതൽ ടാറ്റാ ഗ്രൂപ്പിൽ ശൈലേഷ് ചന്ദ്രയുണ്ട്.
മുന്നിൽ 4 വെല്ലുവിളികൾ
എയർ ഇന്ത്യ നേരിടുന്ന പ്രവർത്തന പ്രതിസന്ധി പരിഹരിക്കലാണ് പുതിയ ചെയർമാനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി. മറ്റൊന്നാണ് ഐടി കമ്പനിയായ ടിസിഎസ് നേരിടുന്ന ഓഹരിവില ചാഞ്ചാട്ടം. ആഡംബര കാർ ബ്രാൻഡായ ജെഎൽആർ സൈബർ ആക്രമണത്തെ തുടർന്ന് ഉൽപാദനം നിർത്തിവയ്ക്കേണ്ടിവന്ന പ്രശ്നവും മുന്നിലുണ്ട്.
ടാറ്റാ സൺസിന്റെ ഐപിഒ സംബന്ധിച്ച തർക്കമാണ് മറ്റൊന്ന്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ടാറ്റ സൺസ് ഐപിഒ നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണം. നോയൽ ടാറ്റ ഇതിനെ എതിർക്കുന്നു. ചന്ദ്രശേഖരനും ടാറ്റാ സൺസിൽ 18 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള എസ്പി ഗ്രൂപ്പും ഐപിഒയെ പിന്തുണയ്ക്കുന്നവരാണ്. ടാറ്റാ സൺസിൽ 66% ഓഹരി പങ്കാളിത്തമാണ് ടാറ്റാ ട്രസ്റ്റ്സിനുള്ളത്.







