ബെംഗളൂരു∙ തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശത്തിനെതിരെ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് രാവിലെ 6 മുതൽ തുടങ്ങി. വൈകിട്ട് 6 വരെയാണ് ബന്ദ്. അതേസമയം, സ്കൂളുകൾ, ബാങ്ക്, ആശുപത്രികൾ, മെഡിക്കൽ ഷോപ്പ്, പൊതു ഗതാഗതം എന്നിവ പ്രവർത്തിക്കുന്നുണ്ട്. കന്നഡ ചാലവാലി വടൽ പക്ഷ, മാണ്ഡ്യ ജില്ലാ കർഷക വെൽഫയർ പ്രൊട്ടക്ഷൻ കമ്മിറ്റി, റൈത്ത ഹിടാരക്ഷണ സമിതി എന്നിവരാണ് ബന്ദിന് ആഹ്വാനം നൽകിയിട്ടുള്ളത്.കൊപ്പാളിൽ പ്രകടനം നടത്തിയ ബന്ദ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരക്കാർ സമാധാനത്തോടെ പ്രതിഷേധിക്കണമെന്ന് ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടു. നേരത്തെ വിവിധ കന്നഡ അനുകൂല സംഘടനകൾ ബന്ദിനെ അനുകൂലിച്ചെങ്കിലും അവസാനനിമിഷം പിന്മാറി. കർണാടക രക്ഷണ വേദികെ ഉൾപ്പെടെയുള്ളവരാണു പിന്മാറിയത്.തമിഴ്നാടിനു 15 ദിവസത്തേക്കു 12,000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് റഗുലേഷൻ കമ്മിറ്റി ചൊവ്വാഴ്ച ആവശ്യപ്പെട്ടതിൽ കർഷകർ പ്രതിഷേധത്തിലാണ്. കാവേരി പ്രശ്നത്തിനു പുറമേ മേക്കേദാട്ടു, കലസ ബന്ധൂരി ജലപദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു ബന്ദ്.
കാവേരി വെള്ളം തമിഴ്നാടിന്; കർണാടകയിൽ ഇന്ന് ബന്ദ്: സമരാനുകൂലികളെ അറസ്റ്റ് ചെയ്തുനീക്കി









