Headlines

ദേശീയപാത 66 നിർമാണം പൂർത്തിയായാൽ പറവൂർ റോഡരികിലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വരും

പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണം പൂർത്തിയായാൽ നിലവിലെ ദേശീയപാത സംസ്ഥാന പാതയാകും. ദേശീയപാതയെ ഏറ്റെടുത്തു സംസ്ഥാന പാതയായി പ്രഖ്യാപിച്ചു പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കൈമാറും. പിന്നീടുള്ള എല്ലാ അറ്റകുറ്റപ്പണികളും ടാറിങ്ങും പൊതുമരാമത്ത് നിരത്തു വിഭാഗത്തിന്റെ നിയന്ത്രണത്തിലാകും നടക്കുക. സംസ്ഥാന പാതയായാൽ റോഡരികിലെ കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരും. കേരള മുനിസിപ്പൽ, കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം നിർമാണങ്ങൾ നടത്താനാകും. എൻഎച്ചിന്റെ നിയമപ്രകാരം കൊമേഴ്സ്യൽ കെട്ടിടങ്ങൾ റോഡിന്റെ മധ്യത്തിൽ നിന്ന് 70 മീറ്റർ നീക്കിയും റസിഡൻഷ്യൽ കെട്ടിടങ്ങൾ 40 മീറ്റർ നീക്കിയും മാത്രമേ നിർമിക്കാനാകൂ.എന്നാൽ, റോഡ് പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിലായാൽ റോഡരികിൽ നിന്നു 3 മീറ്റർ നീക്കി കെട്ടിട നിർമിക്കാനാകും. പക്ഷേ, മാസ്റ്റർ പ്ലാൻ നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളാണെങ്കിൽ അതനുസരിച്ചാകും നിർമാണത്തിന് അനുമതി നൽകുക. പറവൂ‍ർ നഗരസഭയ്ക്ക് മാസ്റ്റർ പ്ലാനുണ്ട്. ഇതിൽ റോഡുകളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ഓരോ വിഭാഗത്തിനും വ്യത്യസ്ത തരത്തിലാണ് മാനദണ്ഡങ്ങൾ നൽകിയിരിക്കുന്നത്. എങ്കിലും നിലവിലെ ദേശീയപാതയോടു ചേർന്നുള്ള ഭാഗങ്ങളിൽ എൻഎച്ചിന്റെ നിയമപ്രകാരമുള്ള അത്രയും നീക്കി പണിയേണ്ട ആവശ്യം വരില്ല.ദേശീയപാത – 66: കുഴിയടയ്ക്കൽ ആരംഭിച്ചു
പറവൂർ ∙ നിലവിലെ ദേശീയപാത – 66ൽ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കുഴിയടയ്ക്കൽ ആരംഭിച്ചു. റോഡ് നവീകരിക്കാൻ 12.60 കോടി രൂപയ്ക്കുള്ള ഭരണാനുമതിയാണു സർക്കാർ നൽകിയിരിക്കുന്നത്. ബിറ്റ്മിൻ മെക്കാർഡം (ബിഎം) ടാറിങ് ഇന്നു തുടങ്ങും. ആദ്യ ഘട്ടത്തിൽ കുഴിയുള്ള ഭാഗങ്ങൾ പെട്ടെന്നു തകരാത്ത തരത്തിൽ അടയ്ക്കും. മഴ പൂർണമായി മാറിയ ശേഷം ബിറ്റുമിൻ കോൺക്രീറ്റ് (ബിസി) ഉപയോഗിച്ചു റോഡ് പൂർണമായി ടാർ ചെയ്യും. ഇതോടെ റോഡ് ബിഎംബിസി റോഡായി മാറും.കുഴികൾ നിറഞ്ഞ ദേശീയപാത യാത്രക്കാരുടെ ദുരിതപാതയായി മാറിയിരുന്നു. പരാതികൾ ഉയരുമ്പോൾ അശാസ്ത്രീയമായി കുഴിയടയ്ക്കുന്നതിനെതിരെ പ്രതിഷേധവുമുയർന്നു. അടച്ച കുഴികൾ അടുത്ത മഴയിൽ വീണ്ടും കുഴിയായി മാറുകയും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. ചാടിച്ചാടിയുള്ള സഞ്ചാരം ഇരുചക്രവാഹന യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയായിരുന്നു. മഴ പെയ്താൽ ദുരിതം ഇരട്ടിയാകുന്നതായിരുന്നു സ്ഥിതി. പറവൂർ മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്താണു പ്രതിസന്ധി ഏറ്റവും രൂക്ഷം. കണ്ണൻകുളങ്ങര, പട്ടണം കവല, മുനമ്പം കവല, ആലുംമാവ് തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് പൂർണമായും തകർന്നു.പറവൂർ – വരാപ്പുഴ റൂട്ടിൽ പുതിയ ദേശീയപാത നിർമാണം നടക്കുന്ന മേഖലയോട് ചേർന്നുള്ള വഴിക്കുളങ്ങര മുതൽ ചെറിയപ്പിള്ളി വരെയുള്ള ഭാഗത്തും റോഡ് തകർന്നിരുന്നു. റോഡ് തകർന്നു കിടക്കുമ്പോഴും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിതവേഗത്തിൽ ദേശീയപാതയിലൂടെ ചീറിപ്പായുന്നുണ്ട്. ഇടുങ്ങിയതും തകർന്നതുമായ റോഡിലൂടെ വലിയ വാഹനങ്ങൾ നടത്തുന്ന അമിത വേഗത്തിലുള്ള ഓവർടേക്കിങ് മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി മാറുന്നതിനാൽ അമിത വേഗം നിയന്ത്രിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.