പീരുമേട് ∙ അതികഠിന തണുപ്പിൽ അമ്മ കുഞ്ഞുമോളിയെ കെട്ടിപ്പിടിച്ചിരിക്കുക എന്നതാണ് ഒന്നര വയസ്സുകാരൻ മനോജ് പഠിച്ചിരിക്കുന്നത്. ഇത്രയും കാലമായി കുഞ്ഞിന് സ്വന്തമായി ഒരു ഉടുപ്പുപോലും ഇല്ല. തൊട്ടടുത്തിരിക്കുന്ന ചേച്ചി 3 വയസ്സുകാരി മേലയുടെ സ്ഥിതിയും ഇതു തന്നെ. നാലു വയസ്സുള്ള മനു, ഇവരുടെ അച്ഛൻ രാമൻകുട്ടി എന്നിവർ ഉൾപ്പെടെ അഞ്ചംഗ കുടുംബം കഴിയുന്നത് നാലു കമ്പുകളിൽ വലിച്ചുകെട്ടിയ പടുതയുടെ തണലിൽ.വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക്പോസ്റ്റിനു സമീപമുള്ള പൊൻനഗറിൽ തെങ്കാഞ്ചി തോടിന്റെ വശത്തായാണു മലമ്പണ്ടാര വിഭാഗക്കാരായ ഇവർ കുറച്ചുനാളുകളായി ഷെഡ് കെട്ടി കഴിയുന്നത്. വനത്തിനുള്ളിൽനിന്ന് ഇവരെ വനംവകുപ്പിന്റെ ക്വാർട്ടേഴ്സിലേക്കു മാറ്റിപ്പാർപ്പിച്ചെങ്കിലും ചെറിയ ഹാളിൽ താമസിക്കുന്നത് 32 പേരാണ്. സൗകര്യക്കുറവ് രൂക്ഷമായതിനാലാവാം ഇവർ ഷെഡിലേക്കു മാറിയത്. രാമൻ രാവിലെ വനത്തിനുള്ളിൽ തേൻ, കുന്തിരിക്കം തുടങ്ങിയ ഉൽപന്നങ്ങൾ ശേഖരിക്കാൻ പോയാൽ രാത്രി മടങ്ങിവരുന്നതുവരെ കുഞ്ഞുമക്കളുമായി കുഞ്ഞുമോളി ഷെഡിൽ കഴിയും. രാവിലെ മാത്രമാണു ഭക്ഷണം ഉണ്ടാക്കുന്നത്. കിടക്കാനായി നിലത്തു വിരിച്ച തുണി, ചെളിയിൽ പുതഞ്ഞ നിലയിലാണ്. കുട്ടികളുടെ ശരീരത്തിലാകെയും ചെളിയാണ്. വന്യമൃഗശല്യം രൂക്ഷമായ മേഖലയാണിത്. കാട്ടാനകൾ സമീപത്തെത്തിയാൽ കൈവശമുള്ള ചെറിയ ടോർച്ച് കത്തിച്ച് മക്കളെ ചേർത്തുനിർത്തും. പടുതയിലൂടെ ഊർന്നിറങ്ങുന്ന വെള്ളം കലത്തിൽ ശേഖരിച്ചാണു കുടിക്കുന്നത്.
ഓണം വരുമ്പോൾ ഈ പടുതത്തണലിലും കയറണേ…; ഈ കുരുന്നുകൾക്ക് ഇന്നും ഒരു ഉടുപ്പുപോലുമില്ല







