Headlines

ഒരു കരാർ രേഖകളുമില്ല; മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; കായിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ്

 

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ്.മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ടിൽ ഗൗരവ സ്വഭാവത്തിലുള്ള ശുപാർശകളാണുള്ളത്.

 

 

മെസിയെ കൊണ്ട് വരാനുള്ളത് വ്യാജ നീക്കം. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡിങ്ങും നടന്നതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ. ഫിഫ അംഗീകാരമില്ലാതെയാണ് വാഗ്‌ദാനം. ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ വാഗ്‌ദാനം നൽകി. മുൻ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായി.

 

അർജൻ്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിൻ്റെയോ എഎഫ്എ അത് സ്വീകരിച്ചതിൻ്റെയോ യാതൊരു രേഖകളും സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിൻ്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിൻ്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.

 

റിപ്പോർട്ടിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.