ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടിൽ, മുൻ ജെ.പി.എസ്.സി ചെയർമാൻ അറസ്റ്റിൽ. സിഐഡിയാണ് ജെ.പി.എസ്.സി ചെയർമാനായിരുന്ന എൽ ഖ്യാംഗതിയെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ ആരോപണങ്ങൾ എൽ ഖ്യാംഗതിയ്ക്കെതിരെ ഉയർന്നിരുന്നു. അതേസമയം വിദ്യാർഥി പ്രതിഷേധം തുടരുകയാണ്. CGL പരീക്ഷയിൽ സിബിഐ അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് പ്രതിഷേധം തുടരാനുള്ള തീരുമാനം.
കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയായ ടിഡിപിഎല്ലിനെ (TDPL) ജെപിഎസ്‌സി 14-ാമത് സിവിൽ സർവീസ് പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഖ്യാംഗതി നേരിടേണ്ടിവന്നിരുന്നു. ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഖ്യാംഗതി ജൂലൈ 22-ന് ജെ.പി.എസ്.സി. ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് താൻ രാജിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഖ്യാംഗതിയെ സിഐഡി നിരവധി തവണ വിശദമായി ചോദ്യം ചെയ്തിരുന്നു. നിയമന നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ച് ജെപിഎസ്‌സി സിജിഎൽ പരീക്ഷാർത്ഥികൾ ജാർഖണ്ഡിൽ വൻ പ്രതിഷേധമാണ് നടത്തിവരുന്നത്. റാഞ്ചി, ഹസാരിബാഗ്, ധൻബാദ്, ബൊക്കാറോ തുടങ്ങിയ ജില്ലകളിലെ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരുന്നു. പരീക്ഷാ നടത്തിപ്പിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് പരീക്ഷാർഥികൾ ആവശ്യപ്പെടുന്നത്.







