മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശൻ നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്‍റെ വീട്ടിലെത്തി. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു.ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. ഗൗതമിന്‍റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു.
ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ, അവരുടെ അമർഷത്തിൽ തെറ്റ് കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയിരുന്നു. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.









