Headlines

എവിടെ പുതിയ കെപിസിസി പ്രസിഡന്റ്?; നിയമനം നീളുന്നത് സർക്കാർ– പാർട്ടി സമവാക്യത്തെ ബാധിക്കുന്നു

 

തിരുവനന്തപുരം ∙ വി.ഡി.സതീശൻ സർക്കാർ വന്നിട്ട് 80 ദിവസം പിന്നിട്ടിട്ടും പുതിയ കെപിസിസി പ്രസിഡന്റ് സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടു തന്നെയില്ല. പാർട്ടിയും സർക്കാരും തമ്മിൽ വേണ്ട ഏകോപനത്തെയും പരസ്പര പിന്തുണയെയും ഇതു കാര്യമായി ബാധിക്കുന്നുവെന്ന വിമർശനം കോൺഗ്രസിൽ ശക്തമായി.

 

സർക്കാരുമായി ബന്ധപ്പെട്ട നയപരവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ പാർട്ടിതലത്തിൽ ആലോചിക്കുന്നതും അങ്ങനെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുന്നതുമാണു കേരളത്തിലെ രീതി. കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായതിനെ തുടർന്ന് പുതിയ പ്രസിഡന്റ് നിയമനം നീണ്ടതോടെ രണ്ടും നടക്കുന്നില്ല. പഴ്സനൽ സ്റ്റാഫ് നിയമനം ഉൾപ്പെടെ ഇതുവരെയുളള പ്രധാന നിയമനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മന്ത്രിമാർ നടത്തുകയാണു ചെയ്തത്.ബജറ്റ് അടക്കമുള്ള സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളിലും പാർട്ടിക്കു റോളുണ്ടായില്ല; ആ പ്രഖ്യാപനങ്ങളുടെ പ്രചാരണത്തിനായി പാർട്ടിതല സംവിധാനവും പ്രവർത്തിച്ചില്ല. സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫിസിലും കാണുന്ന തിരക്ക് കെപിസിസി ആസ്ഥാനത്തില്ല. ഭരണകക്ഷി ആസ്ഥാനമെന്നു പോലും തോന്നാത്ത തരത്തിൽ ‘ഇന്ദിരാഭവൻ’ ആളൊഴിഞ്ഞതായി. സർക്കാർ വന്ന ശേഷം പാർട്ടി നേതൃയോഗം ചേർന്നത് ഒരു തവണയാണ്. സർക്കാർ – പാർട്ടി ഏകോപനത്തിനു സംവിധാനം ഉണ്ടാക്കുമെന്ന യോഗതീരുമാനത്തിലും തുടർചർച്ചയില്ല. ‍ഡിസിസികളിലെ സ്ഥിതിയും ഇതു തന്നെ. 7 ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായി. 14 ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്ന പ്രചാരണം ഉള്ളതുകൊണ്ട് നിലവിലുള്ളവർ ചട്ടപ്പടി രീതിയിലാണ് മുന്നോട്ടുപോകുന്നത്.

 

പാർട്ടി ഭാരവാഹിത്വത്തിലുള്ളവർ മന്ത്രിസഭയിലുള്ളതിനാൽ പാർട്ടിയും സർക്കാരും തമ്മിൽ വിടവില്ലല്ലോയെന്നു ചോദിക്കുന്നവരുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുൻ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും മന്ത്രിസഭയിലുണ്ട്. മന്ത്രിമാരായ പി.സി.വിഷ്ണുനാഥും റോജി എം.ജോണും എഐസിസി സെക്രട്ടറിമാരാണ്. എ.പി.അനിൽകുമാറും ടി.സിദ്ദിഖും കെപിസിസി വർക്കിങ് പ്രസിഡന്റുമാരും എം.ലിജുവും ബിന്ദു കൃഷ്ണയും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും കെ.എ.തുളസി കെപിസിസി ജനറൽ സെക്രട്ടറിയുമാണ്. എന്നാൽ പാർട്ടിയിൽ ഇവർ നിർവഹിക്കേണ്ട ചുമതലകൾ ആരു നിർവഹിക്കുമെന്നതാണു മറുചോദ്യം. ഒ.ജെ.ജനീഷ് മന്ത്രിയായതോടെ യൂത്ത് കോൺഗ്രസിനും പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതാണ്.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി ജനറൽസെക്രട്ടറി ദീപ ദാസ്‌മുൻഷി ആറുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അതിൽ നിന്നൊരാളെ തീരുമാനിക്കുമെന്നും ചിലർ പറയുന്നു. 13നു പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ നേതാക്കളെ ഡൽഹിയിൽ വിളിച്ചു സംസാരിക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.

 

മുഖ്യമന്ത്രിക്കും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും സ്വീകാര്യനായ ഒരാളെ കണ്ടെത്തുകയെന്ന വലിയ കടമ്പ മുന്നിലുള്ളതാണു ചർച്ച ട്രാക്കിലാകാൻ തടസ്സമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.