Headlines

കേരള പൊലീസിന്റെ ‘കഴിവിനെ’ വെല്ലുവിളിച്ചു; ആത്മാഭിമാനം രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിനിരന്നത് സേനയൊന്നാകെ

 

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് സേനയുടെ ‘കഴിവിനെ’ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞപ്പോൾ ആത്മാഭിമാനം രക്ഷിക്കാനുള്ള തിരച്ചിൽ ദൗത്യത്തിൽ അണിനിരന്നത് കേരള പൊലീസ് സേനയൊന്നാകെ. പ്രത്യേക അന്വേഷണ സംഘമില്ലാതിരുന്ന ദൗത്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊലീസുകാർ കളത്തിലിറങ്ങി.സൈബർ, ഇന്റലിജൻസ് വിഭാഗങ്ങളിൽനിന്നു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ജില്ലാ അതിർത്തികൾ കടന്ന് മുന്നേറിയപ്പോൾ എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ച കൺട്രോൾ റൂം 38 ഉന്നത ഉദ്യോഗസ്ഥരുമായി ‘ഓപ്പറേഷൻ ആയങ്കി’ ദൗത്യം ഏകോപിപ്പിച്ചു. പൊലീസ് സേനയുടെ ടീം സ്പിരിറ്റും നീക്കങ്ങളിലെ ചടുലതയും പ്രകടമായ അന്വേഷണമെന്നാണ് ആയങ്കിക്കായുള്ള തിരച്ചിലിനെ ഉന്നത ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.വിവിധ ജില്ലകളിലായി ചിതറിക്കിടക്കുന്ന അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെയും അനുയായികളുടെയും കൃത്യമായ വിവരങ്ങൾ തുടക്കത്തിലേ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചിരുന്നു. ആയങ്കിയുമായി ബന്ധപ്പെട്ട 32 പേരെ അറസ്റ്റ് ചെയ്ത് കണ്ണികളെല്ലാം മുറിച്ചശേഷമാണ് പൊലീസ് ഇന്നലെ പുലർച്ചെ അർജുന് മുന്നിലേക്കെത്തിയത്. 7ന് തൃശൂരിൽവച്ച് അർജുന്റെ സഹോദരൻ അഖിൽ ആയങ്കിയെ പിടികൂടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ശനിയാഴ്ച രാത്രി അർജുന്റെ ഇളയ സഹോദരൻ അജയ് ആയങ്കിയെ കോഴിക്കോട് വച്ച് പിടികൂടിയപ്പോൾ രഹസ്യ വിവരം കൈമാറിയത് എറണാകുളം പൊലീസാണ്.

ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടാൻ പൊലീസ്

 

അർജുൻ ആയങ്കിയുടെ ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പൊലീസ് പൂട്ടിടും. ഇതുമായി ബന്ധപ്പെട്ട നിർദേശം സർക്കാർ മുഖേന മെറ്റയ്ക്ക് കൈമാറും. ഫെയ്സ്ബുക്കിൽ 77,000, ഇൻസ്റ്റഗ്രാമിൽ 1.29 ലക്ഷം എന്നിങ്ങനെയാണ് അർജുന്റെ ഫോളോവേഴ്സിന്റെ എണ്ണം. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതുപോലെയാണെന്ന് എഡിജിപി പി.വിജയൻ പറഞ്ഞു. ആയങ്കിയുടെ അത്തരം പോസ്റ്റുകൾക്ക് ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കും പിന്നാലെ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.