Headlines

സൗദി അരാംകോയുടെ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

 

ജിദ്ദ∙ സൗദി അരാംകോയുടെ ജിസാൻ റിഫൈനറിക്ക് നേരെ ഹൂതികൾ ഡ്രോണാക്രമണം നടത്തി. തീ അണച്ചതായി സൗദി ഊർജ വകുപ്പ് അറിയിച്ചു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് ജിസാനിലെ അരാംകോ റിഫൈനറിയുടെ ഒരു ഫെസിലിറ്റിയിൽ തീപിടുത്തമുണ്ടായതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചത്. അരാംകോയുടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സംഭവത്തിൽ ആർക്കും പരുക്കുകളില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ തുടർനടപടികൾ ബന്ധപ്പെട്ട അധികാരികൾ പൂർത്തിയാക്കിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനിടെ, സൗദി അറേബ്യയുടെ കിഴക്കൻ തീരപ്രദേശത്തുള്ള ജുബൈൽ വ്യാവസായിക നഗരത്തിലെ ഗ്യാസ് പ്ലാന്റിലും സ്ഫോടനങ്ങളും തീപിടുത്തവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. യെമൻ അതിർത്തിക്ക് സമീപത്തുള്ള സൗദി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ മേഖലയിൽ പുതിയ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.