Headlines

‘പാർട്ടി സമ്മേളനത്തിനെത്താൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചു; ഞാൻ പോയത് നിക്ഷേപകരെ കാണാൻ, സർ‌‍ക്കാരിന് നഷ്ടമില്ല’

 

തിരുവനന്തപുരം ∙ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊച്ചിയിൽ ഉണ്ടായിരുന്ന ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് അവർ കൊച്ചിയിൽ വന്നത്. വന്ദേഭാരതിൽ പോയി രാത്രി കാണാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അവർക്ക് രാത്രി ഡൽഹിക്കു മടങ്ങണമെന്ന് അറിയിച്ചതുകൊണ്ടാണ് അതിനു മുൻപ് കാണാനായി ഹെലികോപ്റ്ററിൽ പോയത്. തമിഴ്‌നാടും ആ നിക്ഷേപത്തിനായി ശ്രമിക്കുന്നുണ്ട്.ഞാൻ ഹെലികോപ്റ്റർ ഉപയോഗിച്ചതിനു ഒരു രൂപ പോലും സർക്കാരിനു നഷ്ടമുണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാർ അടുത്ത സെപ്റ്റംബർ 19 വരെ പ്രതിമാസം 80 ലക്ഷം രൂപയ്ക്കു വാടകയ്ക്ക് എടുത്തിരിക്കുന്നതാണ് ഹെലികോപ്റ്റർ. 25 മണിക്കൂർ സൗജന്യമായി യാത്ര ചെയ്യാം. ഈ സർക്കാർ വന്നിട്ട് മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പിണറായി വിജയൻ പാർട്ടി സമ്മേളനത്തിനു പോകാൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ട് ദുരന്തനിവാരണ ഫണ്ടിൽനിന്ന് ആ പണം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ഔദ്യോഗിക ആവശ്യത്തിനായാണ് പോയത് സംസ്ഥാനത്തിനു ഗുണപരമായ കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, ഹെലികോപ്റ്റർ കൊച്ചിയിൽ പോയി ചർച്ച നടത്തിയ നിക്ഷേപക ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. ‘അതെന്തിനാ ഞാൻ നിങ്ങളോട് പറയേണ്ട ആവശ്യം’ എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് ആ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയിൽ അന്തിമ തീരുമാനം ഉണ്ടാകുമ്പോൾ അത് അറിയിക്കാമെന്നും ഇപ്പോൾ അവരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.