Headlines

പത്തനംതിട്ടയില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം; അപകട മേഖലയിലുള്ളവര്‍ ദയവായി ക്യാമ്പിലേക്ക് മാറണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി

 

പത്തനംതിട്ടയിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ( Emergency meeting in Pathanamthitta led by Minister P.C. Vishnunath)

 

 

മണിക്കൂറുകള്‍ക്കകം വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ എത്തിക്കാനുള്ള ഇടപെടലുകള്‍ നടത്തിയതെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കായംകുളത്തുനിന്നും മത്സ്യബന്ധന ബോട്ടുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക ഭരണസംവിധാനങ്ങള്‍ വഴി അപകടമേഖലയില്‍ നിന്ന് ജനങ്ങള്‍ മാറണമെന്ന നിര്‍ദേശം നല്‍കി വരികയാണ്. ക്യാമ്പുകളും മറ്റും സജ്ജമാണ്. ജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് പി സി വിഷ്ണുനാഥ് അഭ്യര്‍ഥിച്ചു.മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ അത് ഏറ്റവുമധികം ബാധിക്കുക ആറന്മുളയെയാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. ഇപ്പോള്‍ തന്നെ ആറന്മുളയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിന്റെ മുകളിലേക്കാണ് ഇനി കൂടുതല്‍ വെള്ളം വരാന്‍ പോകുന്നത്. അത് ഗുരുതരമായ സാഹചര്യമായി കാണണം. അത് നേരിടാനാണ് കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തില്‍ മുകള്‍ നിലയില്‍ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാമ്പുകളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.