മഹാരാഷ്ട്ര ആസ്ഥാനമായ ജിഎസ്എം ഫോയിൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മോഹൻസിങ് പർമാറിന് (46) വെടിവയ്പ്പിൽ പരിക്ക്. കമ്പനിയുടെ പരിസരത്തുവച്ച്, ബൈക്കിൽവന്ന 2 പേർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. തോളിൽ വെടിയേറ്റുവീണ പർമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
സംഭവത്തിൽ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായ സാഗർ ഭാനുശാലിയെ പൊലീസ് കസ്റ്റഡയിലെടുത്തു. മുംബൈ വസായി-വിരാറിൽ നായക്പാഡ എന്ന സ്ഥലത്തുവച്ചാണ് മോഹൻസിങ്ങിന് വെടിയേറ്റത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ ജിഎസ്എം ഫോയിൽസ് കമ്പനിതന്നെയാണ് വെടിവയ്പ്പുണ്ടായ വിവരം അറിയിച്ചത്. ജൂലൈ 24ന് ആയിരുന്നു സംഭവമെങ്കിലും ഇന്നലെയാണ് വിവരം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചത്. ഇതിനു പിന്നാലെ ഇന്നലെ കമ്പനിയുടെ ഓഹരിവില 20% കൂപ്പുകുത്തി. കമ്പനിയുടെ പ്രവർത്തനത്തെ സംഭവം ബാധിച്ചിട്ടില്ലെന്നും വസായി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫാക്ടറിയുടെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
അലുമിനിയം ഫോയിലുകളും മറ്റും നിർമിക്കുന്ന കമ്പനിയാണിത്. യുഎസ് ഓഹരി വിപണിയിൽ ഉൾപ്പെടെ നിക്ഷേപം നടത്തിയ സാഗർ ഭാനുശാലി വലിയ കടക്കെണിയിലേക്ക് വീണിരുന്നു. തുടർന്ന്, ജിഎസ്എം കമ്പനിയിലെ ഓഹരികൾ ഏറ്റെടുത്ത് തനിക്ക് പണം കടംതരണമെന്ന് മോഹൻസിങ്ങിനോട് സാഗർ ആവശ്യപ്പെട്ടിരുന്നു.ഇതുപ്രകാരം 32 കോടി രൂപ ലഭിച്ചെങ്കിലും ഓഹരി കൈമാറ്റം നടന്നതായി സൂചനയില്ല. മോഹൻസിങ്ങിനെ വകവരുത്തിയാൽ തന്നെ ബാധ്യതകളെല്ലാം ഒഴിവാകുമെന്നും കമ്പനിയുടെ നിയന്ത്രണം ലഭിക്കുമെന്നും കരുതിയായിരുന്നു സാഗർ ഭാനുശാലി അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.









