Headlines

‘പഴയ കാലമല്ല, വീട് വിട്ടാല്‍ സ്‌കൂള്‍, സ്‌കൂള്‍ വിട്ടാല്‍ വീട് കുട്ടികളല്ല, ചേര്‍ത്ത് പിടിച്ചില്ലെങ്കില്‍…’;അധ്യാപകന്‍ കുട്ടിയെ തല്ലിയ സംഭവത്തെക്കുറിച്ചുള്ള ഡോ. ഷിംനയുടെ പോസ്റ്റ് വൈറല്‍

 

തൃശൂര്‍ വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട ഡോ. ഷിംന അസീസിന്റെ പോസ്റ്റ് വൈറലാകുന്നു. പുതിയ കാലത്തെ പേരന്റിംഗും അധ്യാപനവും ഇങ്ങനെയാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കുട്ടികള്‍ക്കെതിരെയുള്ള ശാരീരികമായ ഉപദ്രവങ്ങള്‍ ആര്, എന്തിന് ചെയ്താലും ന്യായീകരിക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്ന ഇത്തരം ക്രൂരമായ ശിക്ഷകള്‍ അവരില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ട്രോമയുണ്ടാക്കുമെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഇതിന് ചില ഉദാഹരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ പോസ്റ്റ്. (Dr Shimna Azeez fb post on parenting and teaching| thrissur teacher beat student)

 

 

പണ്ടത്തെ കാലമല്ല. ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയില്ലെങ്കില്‍, നിറയെ മിണ്ടി പറഞ്ഞു കൂടെ കൊണ്ട് നടന്നില്ലെങ്കില്‍ പഴയ സ്‌കൂള്‍ വിട്ടാല്‍ വീട്, സ്‌കൂള്‍ വിട്ടാല്‍ വീട് കുട്ടികളുമല്ല. ജീവിക്കാനും മരിക്കാനും അറിയാം അവര്‍ക്കെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു. പേരന്റിങ്ങില്‍ പഠിച്ച തെറ്റുകള്‍ മറക്കണം, പുതിയ ശരികള്‍ പഠിക്കണം. മുന്നോട്ട് ജീവിക്കാനുള്ളവരെ ശരികള്‍ പഠിപ്പിക്കണം. പരമ്പരാഗത ഗീതവും പാടി നടന്നാല്‍ പിള്ളേര് പിള്ളേരുടെ വഴിക്ക് പോവും. മനുഷ്യനെയും പന്നിയേയും തമ്മില്‍ മാറിപ്പോകുന്ന ഗുരുതരരോഗമുള്ള അധ്യാപക നാമധാരിക്ക് കൃത്യമായ മരുന്ന് നല്‍കാന്‍ നമ്മുടെ സിസ്റ്റത്തിന് സാധിക്കട്ടേയെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

 

‘പന്നി’ എന്ന് വിളിച്ചാണ് വാര്‍ത്തയില്‍ കണ്ട അധ്യാപകജോലി ചെയ്യുന്ന ആ തെമ്മാടി, വിദ്യാര്‍ത്ഥിയെ ചൂരല്‍ വീശി ആഞ്ഞാഞ്ഞ് തല്ലുന്നത്. ക്ലാസിലിരുന്ന് ഏതോ കുട്ടികള്‍ അത് വിഡിയോ എടുത്ത് പുറത്ത് വിട്ടത് കൊണ്ട് സംഗതി ലോകമറിഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കേറ്റിയതൊക്കെ വേറെ വിഷയമാണ്, അതവിടെയിരിക്കട്ടെ. തല്ല് കിട്ടിയും തെറിവിളി കേട്ടുമല്ല കുട്ടികള്‍ നന്നാവേണ്ടത്. അയാള്‍ പഠിപ്പിക്കുന്ന വിഷയം ഇനി ആ കുട്ടി നേരെ ചൊവ്വേ പഠിക്കുമോ? എന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത്!

കുട്ടികള്‍ക്കെതിരെയുള്ള ശാരീരികമായ ഉപദ്രവങ്ങള്‍ ആര്, എന്തിന് ചെയ്താലും ന്യായീകരിക്കാന്‍ പറ്റില്ല. ആളുകളുടെ മുന്നില്‍ വെച്ചു പോലും ബെല്‍റ്റ് വീശി ചോര വരും വരെയും, വടി പൊട്ടുന്നത് വരെ ശീമക്കൊന്നയുടെ കമ്പ് കൊണ്ടും പട്ടിയെ തല്ലുന്ന പോലെ തല്ലിയിരുന്ന അച്ഛനെ അസഭ്യവാക്ക് കൊണ്ട് മാത്രം അഭിസംബോധന ചെയ്തിരുന്ന ഒരു സുഹൃത്തുണ്ട്. ബുദ്ധി വെച്ച ശേഷം അവന്‍ ആദ്യമായി അയാളെ ‘അച്ഛാ’ എന്ന് വിളിക്കുന്നത് പിതാവ് പക്ഷാഘാതം വന്ന് പാടേ കിടപ്പിലായപ്പോഴാണ്, അത് തന്നെ ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് അത്രക്ക് നിര്‍ബന്ധിച്ചിട്ട്. മുറിപ്പാടുകളും ചോരയും കണ്ണീരും കുറെയേറെ അവന്റെ ദേഹത്ത് കണ്ട വകയില്‍ അവനെ തെറ്റ് പറയാനും വയ്യ. ജനിപ്പിച്ചെന്ന് വെച്ചോ നാലക്ഷരം പഠിപ്പിക്കുന്നുവെന്ന് വെച്ചോ എന്തും ചെയ്യാനുള്ള ലൈസന്‍സ് ആര്‍ക്കുമില്ല.

ഒരാള്‍ മിണ്ടാന്‍ വയ്യാണ്ട് കിടക്കുന്നേരം മുന്‍കാലപ്രാബല്യത്തോടെ കാണിക്കുന്ന സ്‌നേഹം കൊണ്ട് എന്താകാനാണ്! ആ അച്ഛന്‍ ഇന്നില്ല. അയാള്‍ പകര്‍ന്ന അപകര്‍ഷതാബോധവും ആശങ്കകളും ഭീതിയും സുഹൃത്തിന് മാറിയിട്ടുമില്ല. എവിടെ നിന്നെങ്കിലും ഒരു ആക്രോശം കേട്ടാലോ വാതില്‍ കൊട്ടി അടച്ചാലോ അവന്റെ കൈക്കുള്ളില്‍ വിയര്‍പ്പ് പൊടിയും, മിടിപ്പ് കൂടും, തൊണ്ട വരളും, വയറിനകത്ത് പരവേശം തുടങ്ങും, ചിലപ്പോള്‍ തല ചുറ്റി വീഴും… ഇതിന്റെയൊക്കെ കാരണക്കാരനായ ആള്‍ മരിച്ചു പോയി, അവന്‍ മരിച്ചു ജീവിക്കുന്നു. രണ്ട് ജന്മങ്ങള്‍ അങ്ങനെ നരകിച്ചൊടുങ്ങി.

ഉദാഹരണസഹിതം പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല.

ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി, കുട്ടികള്‍ ശാരീരികമായി വേദനിക്കാതെ തന്നെ നേര്‍വഴിക്ക് വരാനുതകുന്ന ശിക്ഷകളാണ് ശരി. സ്വന്തം അസ്വസ്ഥതയും ദേഷ്യവും കഴിവുകേടും കുട്ടികളുടെ നെഞ്ചത്ത് തീര്‍ക്കരുത്. പേടിപ്പിച്ചും പീഡിപ്പിച്ചും വളര്‍ത്തരുത്. ഇഷ്ടമുള്ള സംഗതികള്‍, പ്രോമിസ് ചെയ്ത സന്തോഷങ്ങള്‍ നിഷേധിക്കാം, എന്തിന് നിഷേധിച്ചുവെന്ന് രംഗം ശാന്തമാകുമ്പോള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. അലറി വിളിച്ച് വെളിച്ചപ്പാട് തുള്ളി തല്ലുമ്പോള്‍ എന്തിനാണ് തനിക്ക് തല്ല് കിട്ടുന്നത് എന്ന് പോലും പലപ്പോഴും ചെറിയ കുട്ടികള്‍ക്ക് മനസ്സിലാവാറില്ല. ആകെക്കൂടി ഉണ്ടാകുന്നത് കുറച്ചു വെറുപ്പും വാശിയും വേദനയും ദേഷ്യവും ഒളിച്ചു കള്ളത്തരം ചെയ്യാനുള്ള ത്വരയുമാണ്.

അവരെ ക്ഷമ പറയാന്‍ പഠിപ്പിക്കാം, പറഞ്ഞത് പോലെ ചെയ്താല്‍ പ്രോത്സാഹിപ്പിക്കാം, കെട്ടിപ്പിടിച്ചുമ്മ കൊടുക്കാം. പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കരുത്, ചിലതിനൊക്കെ നോ പറയുക തന്നെ വേണം. കിട്ടാതിരിക്കുന്നതിന്റെയും വേദന അറിയിച്ചു വളര്‍ത്തണം. കാശിന്റെ വില അറിയണമവര്‍. കുറെയേറെ വാശി അങ്ങനെയൊക്കെ കുറഞ്ഞോളും.കാര്യങ്ങള്‍ തുറന്ന് സംസാരിക്കണം.‘അച്ഛനിങ്ങു വരട്ടെ, ശരിയാക്കിത്തരാം’ എന്ന് പറഞ്ഞു പേടിപ്പിക്കരുത്. അച്ഛനാണ് വരുന്നത്, പച്ചക്ക് തിന്നാന്‍ പോണ ദിനോസറല്ല. ഇങ്ങനെ ഉണ്ടാക്കുന്ന അകല്‍ച്ചയും ഭയവും ഉള്‍ട്ട ഫലമാണ് തരിക.

പണ്ടത്തെ കാലമല്ല. ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയില്ലെങ്കില്‍, നിറയെ മിണ്ടി പറഞ്ഞു കൂടെ കൊണ്ട് നടന്നില്ലെങ്കില്‍ പഴയ സ്‌കൂള്‍ വിട്ടാല്‍ വീട്, സ്‌കൂള്‍ വിട്ടാല്‍ വീട് കുട്ടികളുമല്ല. ജീവിക്കാനും മരിക്കാനും അറിയാം അവര്‍ക്ക്. എട്ടും പത്തും വയസ്സുള്ള മക്കളാണ് മോര്‍ച്ചറിയില്‍ സ്വയമില്ലാതാക്കി സ്ഥിരസാന്നിധ്യമാകുന്നത് …ഈ അവസ്ഥ മാറ്റാന്‍ ഒരു പരിധി വരെയൊക്കെയേ പറ്റൂ. നമുക്ക് വേണ്ടി കുട്ടികള്‍ മാത്രമല്ല, കുട്ടികള്‍ക്ക് വേണ്ടി നമ്മളും മാറേണ്ടിയിരിക്കുന്നു.

‘എന്റെ കുട്ടിക്കാലത്ത് രണ്ട് വീതം മൂന്ന് നേരം തല്ല് കിട്ടിയിരുന്നു, അതോണ്ട് ഞാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആയി’ എന്ന് പറഞ്ഞു തുടങ്ങല്ലേ…തല്ല് കൊണ്ടിട്ടല്ല ആരും നന്നായത്. കൊണ്ട തല്ലൊന്നും സ്‌നേഹവുമായിരുന്നില്ല…

പേരന്റിങ്ങില്‍ പഠിച്ച തെറ്റുകള്‍ മറക്കണം, പുതിയ ശരികള്‍ പഠിക്കണം. മുന്നോട്ട് ജീവിക്കാനുള്ളവരെ ശരികള്‍ പഠിപ്പിക്കണം. പരമ്പരാഗത ഗീതവും പാടി നടന്നാല്‍ പിള്ളേര് പിള്ളേരുടെ വഴിക്ക് പോവും.

ആ പിന്നെ, മനുഷ്യനെയും പന്നിയേയും തമ്മില്‍ മാറിപ്പോകുന്ന ഗുരുതരരോഗമുള്ള അധ്യാപക നാമധാരിക്ക് കൃത്യമായ മരുന്ന് നല്‍കാന്‍ നമ്മുടെ സിസ്റ്റത്തിന് സാധിക്കട്ടെ…സമാനരോഗമുള്ളവര്‍ക്ക് അതൊരു പാഠമാകട്ടെ.

കുട്ടികള്‍ക്ക് വേദനിക്കാതിരിക്കട്ടെ.