ബെംഗളൂരു∙ തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.വ്യാപാര സ്ഥാപനങ്ങളും മറ്റ് സംഘടനകളും അസോസിയേഷനുകളും ബന്ദിന് പിന്തുണ നൽകണമെന്ന് മുൻ എംഎൽഎയും കന്നഡ അനുകൂല സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് അഭ്യർഥിച്ചു. കർണാടകയിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാവേരി വെള്ളം വിട്ടുനൽകുന്നതിനെ സംഘടനകൾ എതിർക്കുകയാണ്. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറയുന്നു.കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ബെംഗളൂരുവിൽ സന്ദർശനം നടത്താൻ ആലോചിക്കുന്നുണ്ട്. സന്ദർശനത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 3ന് വിമാനത്താവളം ആക്രമിക്കുമെന്നു കന്നഡ സംഘടനകൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കർണാടക സർക്കാർ ഓഗസ്റ്റ് 2ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
‘ജനനായകൻ’ ഷോകൾ റദ്ദാക്കി
തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിനെതിരെയുള്ള കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം കർണാടകയിൽ വിജയിന്റെ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ പ്രദർശനത്തെ ബാധിച്ചു. കരുതൽ നടപടിയെന്ന നിലയിൽ നിരവധി തിയറ്ററുകൾ വിജയിന്റെ പോസ്റ്ററുകൾ മാറ്റി. ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചു. 150 തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്.







