കൊൽക്കത്ത ∙ ബംഗാളിൽ റെയ്ഡിൽ വലിയ അളവിൽ പണവും സ്വർണവും കണ്ടെടുത്തു. മുൻ ബസ് ഡ്രൈവറും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ബന്ധുവുമായ മിനാർ മൊണ്ടാലിന്റെ വീട്ടിൽനിന്നാണ് 28 കോടിയോളം രൂപ കണ്ടെടുത്തത്. നോട്ടെണ്ണി തിട്ടപ്പെടുത്തുന്നതിനായി കൊണ്ടുവന്ന യന്ത്രങ്ങളിൽ അഞ്ചെണ്ണം സാങ്കേതിക തകരാറുകളെ തുടർന്ന് കേടായി.മമത ക്യാംപ് വിട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത കൂട്ടായ്മയിലെ അംഗമായ അനുബ്രത മൊണ്ടലിന്റെ അടുത്ത അനുയായിയായ തുലു മൊണ്ടലിന്റെ ബന്ധുവാണ് മിനാർ മൊണ്ടാൽ. ക്വാറി ബിസിനസ് ചെയ്യുന്നയാളാണ് തുലു മൊണ്ടാൽ. കോടിക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകൾക്കു പുറമേ 15 കിലോ സ്വർണ്ണവും റെയ്ഡിൽ പിടിച്ചെടുത്തു. സ്വർണത്തിന്റെ വിപണി മൂല്യം ഏകദേശം 21 കോടി രൂപയാണ്. സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് റെയ്ഡ് ആരംഭിച്ചത്. ആദ്യം 5.5 കോടി രൂപയാണ് കണ്ടെടുത്തത്. അഴിമതിക്കെതിരായ തന്റെ സർക്കാരിന്റെ നടപടി മുന്നോട്ട് പോകുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചു. പ്രതിയായ മിനാർ മുൻപ് ഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നെന്നും ക്വാറി ബിസിനസ് ആരംഭിക്കുന്നതിനു മുൻപ് ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇത്രയും വലിയ തുക എങ്ങനെ സമ്പാദിച്ചു എന്ന് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.









